News

‘തീരദേശവാസികള്‍ വൈകാരികമായി പ്രതികരിക്കുന്നവർ, അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്’: വിഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിരുന്നു എന്നും സതീശൻ പറഞ്ഞു. ചര്‍ച്ച ചെയ്ത് തീര്‍ത്തില്ലെങ്കില്‍ അപകടകരമായ നിലയിലേക്ക് സമരം പോകുമെന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളെ പ്രതിപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും സതീശൻ പറഞ്ഞു. ‘സമരം ചെയ്തതിന് ആര്‍ച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയത് സമരക്കാരെ മനപ്പൂര്‍വം പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു. പോലീസ് സ്റ്റേഷനിൽ ഒത്തുതീര്‍പ്പിന് പോയവരെ അറസ്റ്റ് ചെയ്തത് മനപ്പൂര്‍വം പ്രകോപനം ഉണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ്. സിപിഎമ്മും ബിജെപിയും ഒന്നിച്ചുചേര്‍ന്ന് വിഴിഞ്ഞം സമരം പൊളിക്കാന്‍ നടക്കുകയാണ്,’ സതീശൻ വ്യക്തമാക്കി.

വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണം: സിപിഎം

‘തീരദേശവാസികള്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ ചര്‍ച്ച് ചെയ്ത് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്? ഇത് രാജഭരണമോ മുഖ്യമന്ത്രി മഹാരാജാവോ അല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധിയാണ് മുഖ്യമന്ത്രി. സമരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സാമാന്യബുദ്ധി കാട്ടണം. സമരം ചെയ്തതുകൊണ്ട് അദാനിക്കുണ്ടായ 200 കോടി രൂപയുടെ നഷ്ടം ലത്തീന്‍ സഭയില്‍നിന്നും ഈടാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നീതീകരിക്കാനാകില്ല’ സതീശൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button