KeralaLatest NewsNews

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

തലശ്ശേരി: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്നും ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത് കൊല നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 75-ഓളം സാക്ഷികളുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്.

പൊന്നാനി സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പ്രതിയായ ശ്യാംജിത്തിലേക്ക് എത്തിയത്. അയൽവാസിയുടെ സാക്ഷിമൊഴിയും നിർണായകമായി. സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്ന് പ്രതി പറഞ്ഞിരുന്നു. ഗൂഗിളിൽ സെർച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

കൊലപാതകശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കൊലയ്ക്ക് പിന്നാലെ ആയുധങ്ങൾ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാർബർ ഷോപ്പിൽ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗിൽ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button