KeralaLatest NewsNews

കേന്ദ്രമന്ത്രി മുരളീധരനെ അഭിനന്ദിച്ചതല്ല, തമാശ പറഞ്ഞതാണ്: പ്രശംസയായി അതിനെ പലരും വ്യാഖ്യാനിച്ചു:അബ്ദുള്‍ വഹാബ് എംപി

മലപ്പുറം: രാജ്യസഭയില്‍ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ലെന്ന് രാജ്യസഭ എംപി പി.വി അബ്ദുല്‍ വഹാബ്. കേന്ദ്രമന്ത്രി വി.മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പുകഴ്ത്തിയ അബ്ദുല്‍ വഹാബിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയതോടെയാണ് തന്റെ സംസാരം തെറ്റിദ്ധരിച്ചതാണ് എന്ന വാദവുമായി എംപി രംഗത്തു വന്നത്. തമാശ രൂപത്തില്‍ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചു എന്നും സദുദ്ദേശ്യത്തോടെ നടത്തിയ സംസാരം അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും അബ്ദുല്‍ വഹാബ് എംപി പറഞ്ഞു.

Read Also: ആഗോള കോവിഡ് ഭീഷണികൾക്കിടയിൽ വിദഗ്ദ സമിതിയുടെ അനുമതി നേടി നാസൽ വാക്സിൻ, അറിയേണ്ടതെല്ലാം

നൈപുണ്യ വികസനത്തിനായി മന്ത്രിയും കേന്ദ്ര സര്‍ക്കാരും നടപ്പാക്കുന്ന പദ്ധതികള്‍ നല്ലതാണെന്നും, ഇതിനായി ധനമന്ത്രാലയം കൂടുതല്‍ പണം നല്‍കണമെന്നുമാണ് അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞത്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് രാജ്യസഭയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചുവെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ പ്രചാരണം നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കിയത് വിവേചനപരമായിട്ടായിരുന്നു. കായിക താരങ്ങള്‍ ഏറെയുള്ള കേരളത്തിന് തുച്ഛമായ തുകയാണ് അനുവദിച്ചത്. കേരളത്തിന് കൊടുത്തതിന്റെ പത്തിരട്ടി ഗുജറാത്തിന് അനുവദിച്ചു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഞാന്‍ പ്രസംഗം തുടങ്ങിയത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ഒഴിവാക്കുന്ന, വിദ്യാഭ്യാസ മേഖലയെ ഗൗനിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നയം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല എന്നും പ്രസംഗത്തില്‍ സൂചിപ്പിച്ചുവെന്നും എംപി ചൂണ്ടിക്കാട്ടി.

‘കേരള സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ തന്നെ ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരന്‍ എന്ന് തമാശ രൂപത്തില്‍ പരാമര്‍ശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്. സന്‍സദ് ആദര്‍ശ് ഗ്രാമയോജന ഉള്‍പ്പെടെയുള്ള ഒട്ടേറെ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ എത്തിക്കുന്നതിന് എപ്പോഴും ഞാന്‍ ശ്രമം നടത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങള്‍ക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്തു. നൈപുണ്യ വികസന മേഖലയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും ഈ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖരനെ പരാമര്‍ശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു. സദുദ്ദേശ്യത്തോടെയുള്ള എന്റെ സംസാരത്തെ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ എന്റെ നേതാവ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വസ്തുത അന്വേഷിച്ചു. കാര്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്’,അബ്ദുല്‍ വഹാബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button