KeralaLatest News

ആകാശ് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ തലവനെന്ന് സി പി എം: ട്രോഫി സമ്മാനിച്ച്‌ ഡി വൈ എഫ് ഐ നേതാവ്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ തലവനെന്ന് സി പി എം തന്നെ വിശേഷിപ്പിച്ച ആകാശ് തില്ലങ്കേരിയ്ക്ക് ഡി വൈ എഫ് ഐ നേതാവ് ട്രോഫി സമ്മാനിക്കുന്ന ചിത്രം പുറത്ത്. ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം ഷാജറാണ് സി പി എം മുന്‍ സൈബര്‍ പോരാളിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയ്ക്ക് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരിയില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിലെ സമ്മാനമായ ട്രോഫിയാണ് എം ഷാജര്‍ ആകാശിന് നല്‍കിയത്.

ക്വട്ടേഷന്‍ ലഹരിക്കടത്ത് സംഘത്തലവനായ ആകാശിനെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തില്ലങ്കേരിയിലടക്കം കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി ഡി വൈ എഫ് ഐ വാഹനപ്രചാരണ ജാഥ നടത്തിയിരുന്നു. അന്നത്തെ ജാഥയില്‍ പങ്കെടുത്ത എം ഷാജര്‍ തന്നെയാണ് ആകാശിന് ട്രോഫി സമ്മാനിച്ചത്. അതേസമയം, സിപിഎം നേതാക്കളും സൈബർ സിപിഎം സേനയും തള്ളിപ്പറയുമ്പോഴും ആകാശിനു സിപിഎമ്മുമായുള്ള ബന്ധമാണ് തുറന്നു കാട്ടപ്പെട്ടത്. സംഭവം വിവാദമാകുന്നതിനിടെ വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്നാണ് എം ഷാജര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്തതിനു ശേഷം സുഹൃത്തായ ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രതിയായി അറസ്റ്റിലായതിന് ശേഷം സൈബര്‍ പോരാളികളായ അര്‍ജുന്‍ ആയങ്കിയ്ക്കും ആകാശിനുമെതിരെ സി പി എം സ്വരം കടുപ്പിച്ചതോടെ ഇരുവരും പാര്‍ട്ടിക്കെതിരെയും ഡി വൈ എഫ് ഐ ക്കെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെതിരെ ഡി വൈ എഫ് ഐ നേതാക്കള്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതും ച‌ര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button