Latest NewsKeralaNews

ഷാരോൺ വധം: കുറ്റപത്രം കേരള പൊലീസ് തയ്യാറാക്കും, കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റപത്രം കേരള പൊലീസ് തന്നെ തയ്യാറാക്കും. നെയ്യാറ്റിൻകര കോടതിയിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ വിനീത് കുമാറിനെ നിയമിച്ചു.

ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്.

ഷാരോണിന് നൽകിയ കഷായത്തിൽ ഗ്രീഷ്മ വിഷം കലർത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കുറ്റപത്രത്തിൽ പറയുന്നു. 10 മാസം ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. ഗൂഗിൾ നോക്കിയാണ് ജ്യൂസ് ചലഞ്ച് തീരുമാനിച്ചത്. ജാതകദോഷം പറഞ്ഞത് ഷാരണിനെ കബളിപ്പിക്കാനെന്നും കുറ്റപത്രത്തിലുണ്ട്.

വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പ്രണയത്തിൽനിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ നെയ്യൂര്‍ സിഎസ്ഐ കോളജിലെ ശുചിമുറിയില്‍ വച്ച് 50 ഡോളോ ഗുളികകൾ പൊടിച്ച് കലര്‍ത്തി, പിന്നീട് ഷാരോണിന് കുടിക്കാൻ നൽകി ആയിരുന്നു ആദ്യം വധശ്രമം. എന്നാൽ, കയ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു.

പിന്നീട് കുഴുത്തുറ പഴയ പാലത്തിൽ വച്ചും ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നൽകി ഷാരോണിനെ കൊലപ്പെടുത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്.

പാലത്തിലും ത്രിപ്പരപ്പിൽ ജൂൺ, ജൂലൈ മാസങ്ങളിൽ ഗ്രീഷ്മയും ഷാരോണും ഒരുമിച്ച് താമസിച്ച ഹോം സ്റ്റേയിലും തെളിവെടുപ്പ് നടത്തി. ആകാശവാണിയിൽ നടത്തിയ ശബ്ദപരിശോധനാ റിപ്പോര്‍ട്ടു കൂടി ശേഖരിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button