KeralaLatest NewsNews

‘ഒരു കൗണ്ടര്‍ അറ്റാക്ക് പ്രതീക്ഷിക്കുന്നു, ഊട്ടുപുരയില്‍ പതിവില്ലാത്ത നിയന്ത്രണങ്ങള്‍: മനസ് തുറന്ന് പഴയിടം നമ്പൂതിരി

കലോത്സവ ഊട്ടുപുരയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കുന്ന ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേള പാചകത്തില്‍നിന്നും ഒഴിയുന്നതായി പഴയിടം മോഹനന്‍ നമ്പൂതിരി

കോട്ടയം: കലോത്സവ ഊട്ടുപുരയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കുന്ന ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേള പാചകത്തില്‍നിന്നും ഒഴിയുന്നതായി പഴയിടം മോഹനന്‍ നമ്പൂതിരി. ജനുവരി 26 മുതല്‍ 31 വരെ തൃശൂരില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ശാസ്ത്രമേളയുടെ ഭക്ഷണത്തിന്റെ ചുമതല ഏറ്റിരുന്നതാണ്. എന്നാല്‍ ഈ വിവാദത്തിന്റെ പേരില്‍ അത് വേണ്ടെന്നു വച്ചു. ഇനി ടെന്‍ഡര്‍ എടുത്തുള്ള പരിപാടികളില്‍നിന്ന് മാറി നില്‍ക്കുകയാണ്. തൃശൂരില്‍ നടക്കുന്ന മേളയുടെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘പൂണൂലിട്ടതിന്റെ പേരിൽ ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്’: ഇന്ന് മുതൽ താൻ മാംസം ഭക്ഷിക്കില്ലെന്ന് രാമസിംഹൻ അബൂബക്കർ

‘ഇതുവരെ രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് കലോത്സവങ്ങളിലൂടെ ഭക്ഷണം വിളമ്പി. പരാതിയൊന്നുമില്ലാതെ വയറും മനസ്സും നിറച്ചാണ് കുട്ടികള്‍ മടങ്ങുന്നത്. ഇത്തവണത്തെ വിവാദം വലിയ വേദനയുണ്ടാക്കി. ജാതി തിരിച്ച് വിവാദമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയി. നോണ്‍വെജ് ഭക്ഷണം വിളമ്പണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതി’, പഴയിടം പറഞ്ഞു.

’16 വര്‍ഷമായി കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്നുണ്ട്. ഇതുവരെ കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒരാളെ ലക്ഷ്യംവച്ച് ഒരു കൂട്ടം ആളുകള്‍ ഇറങ്ങി തിരിക്കുമ്പോള്‍ അവിടെ എന്തും സംഭവിക്കാം. അടുത്തിടെ കേരളത്തില്‍ ഭക്ഷണം കഴിച്ചുണ്ടായ മരണങ്ങളെടുത്താല്‍ അതെല്ലാം നോണ്‍ വെജ് കഴിച്ചുള്ളതാണ്. അതിനെതിരെ ഒരു കൗണ്ടര്‍ അറ്റാക്ക് ഞാനും അടുക്കളയില്‍ പ്രതീക്ഷിക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.

‘ഈ വര്‍ഷത്തെ കലോത്സവത്തിന്റെ ഊട്ടുപുരയില്‍ ഇതുവരെയില്ലാത്ത രീതിയില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. ആരെയും അകത്തേക്ക് കടത്തിയിരുന്നില്ല. ഇങ്ങനെ മുന്‍പ് ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഭയം ഉണ്ട്. അതുകൊണ്ടാണ് ഇതുമായി മുന്നോട്ടു പോകുന്നില്ലെന്നു പറഞ്ഞത്. അതിനാലാണ് ഇനി ടെന്‍ഡറുകള്‍ എടുക്കാനില്ലെന്നും പറഞ്ഞത്’, അദ്ദേഹം പറഞ്ഞു.

വിവാദങ്ങളുടെ പഴ്ചാത്തലത്തില്‍ കലോത്സവങ്ങള്‍ക്ക് ഇനി ഊട്ടുപുരയൊരുക്കാന്‍ ഉണ്ടാകില്ലെന്ന് പഴയിടം അറിയിച്ചിരുന്നു. ഇതുവരെയില്ലാത്ത ഭയം അടുക്കളയില്‍ തോന്നിത്തുടങ്ങി. അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. അതിനാല്‍ ഇനി കലോത്സവ വേദികളില്‍ പാചകത്തിനില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. പഴയിടം മോഹനന്‍ നമ്പൂതിരി എന്നത് വെജിറ്ററിയന്‍ ബ്രാന്‍ഡ് ആണ്. സംസ്ഥാന കായികമേളയ്ക്കു മാത്രമാണ് സസ്യേതര ഭക്ഷണം വിളമ്പിയത്. വെജിറ്റേറിയന്‍ ബ്രാന്‍ഡ് നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button