Latest NewsKeralaNews

‘പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരമില്ല’; പരിശോധനയിൽ വിവാദമായ വേഷമുണ്ടായിരുന്നില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാ​ഗത ​ഗാന വിവാദത്തിൽ ദൃശ്യാവിഷ്കാരം നടത്തിയ പേരാമ്പ്ര മാതാ കേന്ദ്രത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ദൃശ്യാവിഷ്കാരം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരം നല്‍കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദൃശ്യാവിഷ്കാരം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നു. അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ദൃശ്യാവിഷ്‌ക്കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രം​ഗത്തെത്തിയിരുന്നു. സംഭവം വിമര്‍ശനത്തിനിടയാക്കിയത് സിപിഐഎം ഗൗരവത്തോടെ കാണുന്നുവെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.

തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും സിപിഐഎം വ്യക്തമാക്കി. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അവശ്യപ്പെട്ടിരുന്നു. മുസ്ലിംലീ​ഗും വിമർശനവുമായി രം​ഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button