Latest NewsNewsIndia

2047ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ‘സർവീസ് ടീമുകളും’ ‘കില്ലർ സ്ക്വാഡുകളും’: എൻ.ഐ.എയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ

ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന അജണ്ടയോടെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ‘സർവീസ് ടീമുകൾ’ സ്ഥാപിച്ചതായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കണ്ടെത്തൽ. കില്ലർ സ്ക്വാഡുകൾ/ സർവീസ് ടീമുകൾ എന്ന പേരിൽ രഹസ്യ സംഘങ്ങൾ രൂപീകരിച്ച് ‘ശത്രുക്കളെ’ കൊലപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് എൻ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആണ് എൻ.ഐ.എ ഇക്കാര്യം സൂചിപ്പിക്കുന്നത്.

കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിൽ 2022 ജൂലൈ 26 ന് ബി.ജെ.പിയുടെ യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഈ വെളിപ്പെടുത്തലുകൾ. ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർക്കിടയിൽ ഭീകരത സൃഷ്ടിക്കാൻ മാരകായുധങ്ങളുമായി എത്തിയ സംഘം യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 ബി, 153 എ, 302, 34 വകുപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 16, 18, 20 വകുപ്പുകളും പ്രകാരം 20 പിഎഫ്ഐ പ്രവർത്തകർക്കെതിരെ ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഭീകരവിരുദ്ധ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. 20 പിഎഫ്‌ഐ അംഗങ്ങളിൽ ആറ് പേർ ഒളിവിലാണെന്നും അവരെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സമൂഹത്തിൽ ഭീകരത, വർഗീയ വിദ്വേഷം, അശാന്തി എന്നിവ സൃഷ്ടിക്കാനും 2047 ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള അജണ്ടയുടെ ഭാഗമായി പിഎഫ്‌ഐ കൊലപാതകങ്ങൾ നടത്താൻ ‘സർവീസ് ടീമുകൾ’ അല്ലെങ്കിൽ ‘കില്ലർ സ്ക്വാഡുകൾ’ എന്നിവയ്ക്ക് രൂപം നൽകിയതായി അന്വേഷണത്തിൽ വ്യക്തമായതായി എൻ.ഐ.എ പറഞ്ഞു.

‘ചില കമ്മ്യൂണിറ്റികളിലും ഗ്രൂപ്പുകളിലും പെട്ട വ്യക്തികളെ/നേതാക്കളെ തിരിച്ചറിയുന്നതിനും പട്ടികപ്പെടുത്തുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായി ഈ സർവീസ് ടീം, തങ്ങളുടെ അംഗങ്ങൾക്ക് ആയുധങ്ങളും ആക്രമണ പരിശീലനവും നിരീക്ഷണ സാങ്കേതിക വിദ്യകളിൽ പരിശീലനവും നൽകിയിട്ടുണ്ട്’, കുറ്റപത്രം പറയുന്നു. ബംഗളൂരു നഗരം, സുള്ള്യ ടൗൺ, ബെല്ലാരെ വില്ലേജ് എന്നിവിടങ്ങളിൽ പിഎഫ്‌ഐ അംഗങ്ങളും നേതാക്കളും നടത്തിയ ഗൂഢാലോചനാ യോഗങ്ങളുടെ തുടർച്ചയായി, ഒരു പ്രത്യേക സംഘത്തിലെ പ്രമുഖനെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെന്നും കുറ്റപത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button