Latest NewsNewsInternational

യു.കെയില്‍ പഠനവിസകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി യു.കെയില്‍ പഠനവിസകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കംനടക്കുന്നതായി റിപ്പോര്‍ട്ട്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കല്‍, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

Read Also: ‘സ്വന്തം കുടുംബം പോലെ കരുതുന്ന മാളികപ്പുറം സിനിമയിൽ അഭിനയിച്ചവരെ മോശമായി പറഞ്ഞതിനാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്’

ബിരുദശേഷം പഠനവിസയില്‍ യു.കെയില്‍ എത്തുന്നവര്‍ക്ക് തുടര്‍പഠനത്തിനുശേഷം രണ്ടുവര്‍ഷംകൂടി യു.കെയില്‍ തുടരാന്‍ അവസരമുണ്ട്. വിദ്യാഭ്യാസ ഫീസ് അടക്കമുള്ള ചെലവുകള്‍ രണ്ടുവര്‍ഷം ജോലി ചെയ്ത് ഉണ്ടാക്കാമെന്ന മെച്ചവുമുണ്ട്. ഇതാണ് കുറക്കാന്‍ നീക്കം നടക്കുന്നത്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്സുകളിലോ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്സുകളിലോ ആണെങ്കില്‍ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാന്‍ അനുവദിക്കൂവെന്നതാണ് പരിഗണനയിലുള്ള മറ്റൊരു പരിഷ്‌കാരം.

ഇന്ത്യന്‍ വംശജയായ ആഭ്യന്തര സെക്രട്ടറി ഗ്രാജ്വേറ്റ് വിസ പരിഷ്‌കരിക്കാന്‍ പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. ഇത് നടപ്പായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈദഗ്ധ്യമുള്ള ജോലി സമ്പാദിച്ച് തൊഴില്‍വിസ നേടുകയോ അല്ലെങ്കില്‍ ആറുമാസത്തിനുശേഷം യു.കെ വിടുകയോ ചെയ്യേണ്ടിവരും.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം വിദേശ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യക്കാര്‍ ചൈനയെ പിന്തള്ളിയിരുന്നു. 2021 ജൂലൈയില്‍ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതില്‍ ഇന്ത്യക്കാരാണ് ആധിപത്യം നേടിയത്.

യു.കെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ബ്രാവര്‍മാന്റെ പദ്ധതി. യു.കെയില്‍ 6.80 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button