KeralaLatest NewsNews

ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ പിഴവ്, സര്‍വകലാശാലകളുടെ ഗുരുതര വീഴ്ചകള്‍ മറനീക്കി പുറത്തുവരുന്നു

ബന്ധങ്ങളും സ്വാധീനവും വഴി പ്രബന്ധം തയാറാക്കുന്നയാള്‍ക്കും ഗൈഡിനും താല്‍പര്യമുള്ളവര്‍ക്കാണു പ്രബന്ധം അയയ്ക്കുക

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് സര്‍ക്കാര്‍ എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെ ശമ്പള കുടിശിക ആവശ്യപ്പെട്ട് ചിന്ത നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തുവന്നതും വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചിന്ത സമര്‍പ്പിച്ച പിഎച്ച്ഡി പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍ പുറത്തുവന്നിരിക്കുന്നത്. പ്രബന്ധത്തിലെ വലിയ തെറ്റുകള്‍ ഗൈഡിനോ അതു വിലയിരുത്തേണ്ട പാനലിനോ കഴിയാതിരുന്നതുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Read Also: വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമര്‍ശമുള്ള പ്രബന്ധത്തിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കണം: ലളിത ചങ്ങമ്പുഴ

മൂന്നു വിദഗ്ധര്‍ മൂല്യം നടത്തിയശേഷമാണു പിഎച്ച്ഡി നല്‍കുന്നതിനായുള്ള ഓപ്പണ്‍ ഡിഫന്‍സ് നടക്കുന്നത്. പ്രബന്ധം വിലയിരുത്താന്‍ നിയോഗിക്കേണ്ട പരിശോധകരുടെ പാനല്‍ സര്‍വകലാശാലയ്ക്കു നിര്‍ദ്ദേശിക്കുന്നത് ഗൈഡ് ആണ്. കേരളാ സര്‍വകലാശാലയില്‍ 12 പേരുകള്‍ ഇങ്ങനെ നല്‍കണം. ഇതില്‍ 3 പേര്‍ സര്‍വകലാശാലയ്ക്കു പുറത്തുള്ള കേരളീയരും 7 പേര്‍ സംസ്ഥാനത്തിനു പുറത്തുള്ളവരും 2 പേര്‍ വിദേശികളും ആകണം. ഇതില്‍നിന്നു 3 പേരെ വൈസ് ചാന്‍സലര്‍ തിരഞ്ഞെടുത്ത് അവര്‍ക്ക് പ്രബന്ധം വിലയിരുത്താന്‍ അയയ്ക്കുന്നു. ഇതു വിസി രഹസ്യമായി ചെയ്യുന്നുവെന്നാണു സങ്കല്‍പം. എന്നാല്‍ പലപ്പോഴും ബന്ധങ്ങളും സ്വാധീനവും വഴി പ്രബന്ധം തയാറാക്കുന്നയാള്‍ക്കും ഗൈഡിനും താല്‍പര്യമുള്ളവര്‍ക്കാണു പ്രബന്ധം അയയ്ക്കുക.

ചിന്താ ജെറോമിന്റെ പ്രബന്ധം വിലയിരുത്തിയ 3 വിദഗ്ധരില്‍ 2 പേര്‍ കേരളത്തിനു പുറത്തുള്ളവരാണ്. അവര്‍ക്ക് ‘വാഴക്കുല’ ആരാണ് എഴുതിയതെന്ന് അറിയണമെന്നില്ല. ചങ്ങമ്പുഴക്കവിതയായ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് കേരളത്തിലുള്ള മൂന്നാമത്തെ വിദഗ്ധന്റെയും ശ്രദ്ധയില്‍പെട്ടില്ല എന്നത് ഗൗരവമായ കാര്യമാണ്.

പ്രബന്ധം വിലയിരുത്തേണ്ട വിദഗ്ധരും ഗവേഷണത്തിനു മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ട ഗൈഡും തെറ്റു കണ്ടെത്താന്‍ മിനക്കെടാത്ത സാഹചര്യത്തില്‍ ഗവേഷണ പ്രബന്ധങ്ങള്‍ വെറുമൊരു പ്രഹസനമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ ചിന്തയുടെ സംഭവത്തോടെ പുറത്തുവന്നിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button