Devotional

ഭഗവത് ഗീതയുടെ മഹത്വവും കൃഷ്ണസങ്കല്പത്തിന്റെ വ്യാപ്തിയും

എത്ര കേട്ടാലും മതിവരാത്ത കൃഷ്ണലീലകൾ മനനം ചെയ്യുന്നത് ജീവിതഭാരം ലഘൂകരിക്കാൻ സഹായിക്കും

കൃഷ്ണനെ തേടുക എന്നത് സ്വന്തം സ്വത്വം അന്വേഷിക്കലാകുന്നു. താത്വികമായി ശ്രീകൃഷ്ണ തത്വമറിയാൻ ഭഗവദ് ഗീത പഠിക്കണം. ഇന്ന് സാർവ്വലൗകീകമായി ഭഗവദ് ഗീതക്ക് പ്രചാരമുണ്ടാവുന്നത് ശ്രീകൃഷ്ണ പ്രഭാവം കൊണ്ടാണ്. ശ്രീകൃഷ്ണന്റെ ഒരിക്കലും മാറാത്ത മായിക പുഞ്ചിരിക്കു പിറകിൽ തത്വ ജ്ഞാനത്തിന്റെ നിത്യ നിർവൃതിയുള്ളതാസ്വദിക്കാൻ നമുക്കു സാധിക്കട്ടെ.

ഭാരതത്തിന്റെ സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ- സാഹിതീയ- ദാർശനിക ചേതനയിൽ നിത്യ വസന്തം വിരിയിക്കുന്ന ശ്രീകൃഷ്ണൻ പുരുഷോത്തമനാണ്.
ശ്രീകൃഷണൻ മിത്താണ്, സത്തയാണ്, സാരസർവ്വസ്വമാണ്, സച്ചിദാനന്ദ തത്വമാണ്, മായാ മാനുഷ വിഗ്രഹമാണ് ….. എന്നീ പ്രകാരം എങ്ങിനെയൊക്കെ വിശേഷിപ്പിച്ചാലും – വിശ്വസിച്ചാരാധിപ്പോർക്കാശ്വാസവും ആശ്രയവുമാണ്.

വിചാരശീലന്മാരായി പിന്തുടരുന്ന ജിജ്ഞാസുക്കൾക്കാശയ സാഗരമാണ്.
ഭാരത ദേശത്തിൽ ശ്രീകൃഷ്ണന് പക്ഷം കൽപ്പിക്കാൻ തത്രപ്പെടുന്നത് അന്യായമായിരിക്കും. നവ്യങ്ങളായ അനുഭൂതിയും, പ്രചോദന പ്രഹർഷവും പകരുന്ന പ്രതിഭാധനമാണ് കൃഷ്ണൻ. ഇടതു-വലതു – ദളിത- സ്ത്രീ- പുരുഷ- ആര്യ- ദ്രാവിഡ പക്ഷങ്ങളിൽപ്പെടുത്തി ഗോപാലനന്ദനനെ ലഘുകരിച്ചു കൂടാ. മതസ്ഥനോ – മതേതരനോ ആക്കാനും ശ്രമമരുത്.

എത്രയെത്ര കഥകൾക്കും, നോവലുകൾക്കും, നാടകങ്ങൾക്കും , നടന ചാരുതകൾക്കും, കവിതകൾക്കും, ഗീതികൾക്കും, ചിത്രരചനകൾക്കും, സിനിമകൾക്കും, ശില്പ നിർമ്മാണങ്ങൾക്കും , ദാർശനിക പഠന-പാഠന പ്രഭാഷണങ്ങൾക്കും കൃഷ്ണ സങ്കൽപം വിഷയമായിട്ടുണ്ട്.

യശോദയുടെ ശിശുവായും, ഗോകുല ബാലകനായും, ഗോപാലകൃഷ്ണനായും, രാധാമാധവനായും, മുരളീധരനായും, കാളിയ മദമർദ്ദന നർത്തകനായും,ഗോവർദ്ധനഗിരിധാരിയായും രാസനൃത്ത വിശാരദനായും, കംസ നിഷൂദനനായും, മഥുരാനാഥനായും,ദ്വാരകാ ധീശനായും, രുഗ്മിണീ വല്ലഭനായും, പാർത്ഥസാരഥിയായും ഒക്കെ പരിലസിച്ച കൃഷ്ണന്റെ ബഹുസ്വരത അന്യാദൃശമാണ്.

കൃഷ്ണാവഗണന ഇരിക്കും കൊമ്പു മുറിക്കുന്ന ദ്രോഹമാണ്. പകരം ഭാരതീയൻ ശ്രീകൃഷ്ണാവബോധത്തിലേക്കു് വൈചാരിക വേരുകൾ യഥാശക്തി ആഴത്തിലിറക്കുകയാണ് വേണ്ടത്. ഇടയ്ക്കിടെ ആ പ്രേമാർദ്ര പാൽപ്പുഞ്ചിരി നിലാവാഴിയിൽ വൈകാരികമായി മുങ്ങി നിവരുകയാണ് വേണ്ടത്.

എത്ര കേട്ടാലും മതിവരാത്ത കൃഷ്ണലീലകൾ മനനം ചെയ്യുന്നത് ജീവിതഭാരം ലഘൂകരിക്കാൻ സഹായിക്കും. നൂതന അർത്ഥവും ഭാവനാത്മകമായ ഗരിമയും , ആവിഷ്ക്കാര പ്രചോദനവും ജീവിതത്തിൽ ആവാഹിച്ചെടുക്കാൻ കൃഷ്ണ കഥാ ശ്രവണം കൊണ്ട് സാധിക്കും.

സങ്കുചിത ചിന്തകൾ സമ്മാനിക്കുന്ന ഭാരം കംസ ഭാവത്തിൽ അരങ്ങു ഭരിക്കുമ്പോൾ കൃഷ്ണാവതാരം പ്രാർത്ഥിച്ചുണർത്തണം.. അസഹിഷ്ണുത കംസന്റെ മുഖമുദ്രയാവുമ്പോൾ കൃഷ്ണൻ വിശ്വ പ്രേമത്തിന്റെ സമുജ്ജ്വല പ്രവക്താവാകുന്നു.

നാം നമ്മിൽ നിന്നും അകലുന്നത് കംസ സ്വാധീനം കൊണ്ടാണ്. അതിന്റെ വീർപ്പുമുട്ടൽ നമ്മുടെ ജീവിതത്തെ ദുസ്സഹമാക്കുകയേയുള്ളൂ.

“കൃഷ്ണാ …കൃഷ്ണാ ” എന്നകതാരിൽ മന്ത്രിച്ചു കൊണ്ടേ ജീവിതത്തൈർ കടഞ്ഞെടുക്കാം; ജന്മസാഫല്യനവനീതമമൃതം ഉരുത്തിരിച്ചെടുക്കാം.

കടപ്പാട്:
സ്വാമി അദ്ധ്യാത്മാനന്ദ

shortlink

Related Articles

Post Your Comments

Related Articles


Back to top button