Latest NewsNewsIndia

ബജറ്റ് 2023: കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി; തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾക്ക് സാധ്യത

ന്യൂഡല്‍ഹി: പാർലമെന്റ് മന്ദിരത്തിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി. ബജറ്റിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. തുടർന്ന് നിർമല സീതാരാമൻ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും.

രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണിത്. ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി സ്ലാബിൽ എന്ത് മാറ്റം വരുമെന്നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആദായനികുതി, ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, കഴിഞ്ഞ 10 വർഷമായി ബജറ്റ് ദിനത്തിൽ നഷ്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം ആരംഭിക്കാറുള്ളത്. എന്നാലിന്ന് ആ പതിവ് തെറ്റി. ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 1999 ന് ശേഷം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഏറ്റവും ഉയർന്ന നേട്ടം രേഖപ്പെടുത്തിയത് കൊവിഡ് പ്രതിസന്ധി ഉലച്ച 2021 ലെ ബജറ്റ് ദിനത്തിലായിരുന്നു.

എന്നാല്‍, അദാനിയുടെ പത്തിൽ ഒൻപത് കമ്പനികളും നഷ്ടത്തിലാണ് പോകുന്നത്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോവുകയായിരുന്നു. അതേസമയം ഓഹരി സൂചികകൾ ഇപ്പോഴും നേട്ടം തുടരുന്നത് നിക്ഷേപകരെ സംബന്ധിച്ച് ആശ്വാസം നൽകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button