
ഉപഭോക്താക്കളുടെ ഇഷ്ട വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ പുതിയ അപ്ഡേറ്റ് എത്തി. ഇതോടെ, പാസ്‌വേഡ് കൈമാറ്റത്തിൽ പുതിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ അപ്ഡേറ്റിൽ ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാർക്കും അക്കൗണ്ടിന്റെ പാസ്‌വേഡ് പങ്കുവെച്ച് വീഡിയോ കാണാൻ സാധിക്കുകയില്ല. ഇതിനായി ഉപഭോക്താക്കൾ ഒരേയിടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ നെറ്റ്ഫ്ലിക്സ് നടപ്പാക്കിയിട്ടുണ്ട്. എല്ലാവരുമായും പാസ്‌വേഡ് പങ്കുവയ്ക്കുന്ന രീതി ഉടൻ അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് വിവിധ ഘട്ടങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നു.
പാസ്‌വേഡ് കൈമാറ്റം പൂർണമായി നിരോധിക്കുക എന്ന ലക്ഷ്യം നെറ്റ്ഫ്ലിക്സിന് ഇല്ലെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിരുന്നു. പകരം, വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാൽ മതിയെന്നാണ് പുതിയ അപ്ഡേറ്റിലെ തീരുമാനം. ഈ സംവിധാനം നടപ്പാക്കാൻ ഉപഭോക്താക്കൾ സ്ഥിതി ചെയ്യുന്ന ലൊക്കേഷനിലെ വൈഫൈയുമായി പാസ്‌വേഡ് പങ്കുവയ്ക്കപ്പെട്ടവരുടെ ഡിവൈസ് ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാസത്തിൽ ഒരുതവണയാണ് ഇത്തരത്തിലുള്ള വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുക.
നെറ്റ്ഫ്ലിക്സിന്റെ നിബന്ധനകൾ മറികടന്ന് ഒരേ വൈഫൈയിൽ നിന്നല്ലാതെ മറ്റൊരു ലൊക്കേഷനിൽ നിൽക്കുന്ന വ്യക്തിക്ക് അക്കൗണ്ടിന്റെ പാസ്‌വേഡ് കൈമാറിയാൽ ഉപഭോക്താവ് അധിക തുക നൽകേണ്ടിവരും. ഇത്തരം കൈമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ പ്രൊഫൈലിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനും പുതിയ അപ്ഡേറ്റ് മുഖാന്തരം സാധിക്കും.
Post Your Comments