Latest NewsNewsIndia

‘വീഴ്ചകൾ ആഘോഷമാക്കുന്ന മല്ലു പ്രബുദ്ധർക്ക് കിട്ടിയ ഒടുവിലത്തെ ഇരയാണ് അദാനി, അയാൾ തിരിച്ച് വരും’: അഞ്‍ജു പാർവതി പ്രഭീഷ്

കൊച്ചി: ഓഹരി വിപണയിലെ അദാനിയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യാന്തര മേഖലയിൽ വൻ ചർച്ചകളാണ് നടക്കുന്നത്. അദാനിയുടെ തകർച്ച കേന്ദ്രത്തിന്റെ തകർച്ചയാണ് എന്ന് വരുത്തിത്തീർക്കുന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയിരുന്നു. അദാനിക്കെതിരെ കേരളത്തിലും പ്രചാരണം കൊഴുക്കുന്നുണ്ട്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഞ്‍ജു പാർവതി പ്രഭീഷ്.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:

ഒരാഴ്ചയായി സകലമാന ഇടതു പ്രൊഫൈലുകളും അദാനി തകർന്നേ, ഇന്ത്യ തകർന്നേ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൂക്കുകുത്തി നിലംപതിച്ചേ എന്നും പറഞ്ഞ് കരഞ്ഞു വിളിക്കുകയാണല്ലോ. എങ്ങും ഷെയർ മാർക്കറ്റിങ് ചർച്ചകളാണ്. എന്താണ് ബിസിനസ്സ്, എന്താണ് ഷെയർ മാർക്കറ്റ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയവയിൽ അഞ്ച് പൈസയുടെ വിവരമില്ലാത്തവർ വരെ ഖണ്ഡം ഖണ്ഡമായി നരേറ്റീവുകൾ എഴുതി നിറയ്ക്കുകയാണ്. ഇതിനിടയിൽ പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യമെന്ന ലൈനിൽ മാറിയിരുന്ന എന്നോട് എന്തേ ഇടതുവിമർശനം മാത്രമോ പഥ്വം മോദിജിയുടെ ചങ്കായ അദാനിയുടെ തട്ടിപ്പിനെ കുറിച്ച് എഴുതാത്തത് എന്ന് ചിലരെങ്കിലും ചോദിച്ചിരുന്നു.

വീഴ്ചകൾ ആഘോഷമാക്കുന്ന മല്ലു പ്രബുദ്ധർക്ക് കിട്ടിയ ഒടുവിലത്തെ ഇരയാണ് അദാനി . ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ളയുടെ വീഴ്ച ആഘോഷമാക്കി, അത് വിറ്റ് തിന്ന മാധ്യമപ്പടകൾ ശ്രീ. അറ്റ്ലസ് രാമചന്ദ്രൻ്റെ പതനം എങ്ങനെ വിറ്റഴിച്ചുവെന്ന് നമ്മൾ കണ്ടതാണ്. മലയാളികളായ വ്യവസായികളുടെ പതനം ആഘോഷമാക്കിയ കൂട്ടർ പിന്നെ മറുനാട്ടിലെ വ്യവസായ പ്രമുഖനെ വെറുതെ വിടുമോ? ശരിക്കും എന്താണ് സംഭവിച്ചത്? ഗൗതം അദാനി എന്ന ഇന്ത്യയുടെ ഇൻഫ്രാ പ്ലെയർ തകർന്നടിഞ്ഞോ? ഇല്ലെന്ന് കരുതാനും വിശ്വസിക്കാനുമാണ് ഇഷ്ടം. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് മാർക്കറ്റ് മോണോപ്പോളി ചെയ്യുന്നു എന്നതാണല്ലോ അദാനിക്കെതിരെയുള്ള പ്രധാന വിമർശനം.

വാണിജ്യ അധികാരത്തിന്റെ സൃഷ്ടിയാണ് ജനാധിപത്യം എന്നാണ് എൻ്റെ തിയറി. Yes,Democracy is a trade tool. ലോകത്തെവിടെയും അത് അങ്ങനെ തന്നെയാണ്. ഇതിന് മുമ്പ് ഇന്ത്യ ഭരിച്ചിരുന്നവരും ചെയ്തിരുന്നത് ഇതൊക്കെ തന്നെയല്ലേ? ഇനി ഹിഡൻ ബർഗിനെ എടുത്ത് തലയിൽ കയറ്റുന്നതിനെ കുറിച്ചാണെങ്കിൽ ഫിനാൻഷ്യൽ ഫോറൻസിക്ക് റിപ്പോർട്ടുകൾ എന്ന പേരിൽ കമ്പനികളെ ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് പ്രൈം സോഴ്സ് ഓഫ് ഇൻകം ആക്കുന്ന അവർക്ക് എന്താണ് ധാർമ്മികത ? വിക്കിലീക്സ് ചെയ്തിരുന്നത് പോലൊരു കണ്ണുരുട്ടൽ ബ്ലാക്ക്മെയിലിങ്ങ് പരിപാടി തന്നെയാണ് ഇതും.

അദാനി ഗ്രൂപ്പ് ഓഹരികൾ ഓവർസോൾഡ് മേഖലയിലാണുള്ളത്. അതിനാൽ ഏത് നിമിഷവും ഓഹരികളിൽ ഭാഗികമായൊരു മുന്നേറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നു എന്ന് തന്നെയാണ് കരുതുന്നത്. പിന്നെ അദാനി ഗ്രൂപ്പിൻ്റെ ഭാഗത്ത് നല്ല രീതിയിൽ പാളിച്ചകൾ വന്നിട്ടുണ്ട്. അദാനി ഗ്രൂപ്പ് പുതിയതും, പരസ്പര ബന്ധമില്ലാത്തതുമായ ബിസിനസുകളിലാണ് പ്രവേശിച്ചു കൊണ്ടിരുന്നത്. ഒറ്റ ചാട്ടം കൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആവണമെന്ന ദുരാഗ്രഹമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. കൂടുതൽ മൂലധനം വിനിയോഗിക്കേണ്ട എല്ലാത്തിലും കേറിയങ്ങ് മേഞ്ഞു; പണി വാങ്ങി. അദാനി ഗ്രൂപ്പിന് മോഡറേറ്റ് നിലവാരത്തിലുള്ള ഗവേണൻസാണുള്ളത്. കമ്പനിക്ക് ഇഎസ്ജി റിസ്ക് കൂടുതലാണ്. അതുമൊരു കാരണമാണ്.

പത്തുപേർക്ക് തൊഴിൽ നല്കുന്ന സംരംഭങ്ങൾ അത് ആരു നടത്തിയാലും അത് തകർന്നടിയരുതെന്നാണ് എൻ്റെ ആഗ്രഹം. അത് കൊണ്ടു തന്നെ അദാനി വീണുവെന്ന് കേൾക്കുമ്പോൾ സന്തോഷിക്കില്ല. എങ്ങനെയാലും പ്രത്യക്ഷമായും പരോക്ഷമായും പതിനായിരകണക്കിന് മനുഷ്യർക്ക് ജീവിതം മുന്നോട്ടുകൊണ്ടു പോകുവാൻ വഴിയൊരുക്കുന്ന ബിസിനസ്സ് ഗ്രൂപ്പ് തകർന്നുവെന്ന് മാനിപ്പുലേറ്റ് ചെയ്യുന്നതിനോട് യോജിക്കുന്നില്ല .പൊതു മുതൽ കൊള്ളയടിക്കാനും മുടിക്കാനുമായി മാത്രം നിലനിൽക്കുന്ന നിരവധി കമ്മിഷനുകളെയും KSRTC പോലുളള നഷ്ട കണക്ക് മാത്രമുള്ള സ്ഥാപനങ്ങളെയും മറ്റ് പൊതുമേഖലാ വെള്ളാനകളെയും അപ്പെക്സ് അൾട്ടിമ പൂശി വെള്ളയടിക്കുന്നവരാണ് അദാനിയെ ഉപദേശിക്കാൻ മുന്നിൽ നില്ക്കുന്നത്. തൊഴിൽദായകനെ ശത്രുപക്ഷത്ത് നിർത്തുന്ന ഒരു സമൂഹവും ഒരു കാലത്തും രക്ഷപെട്ടിട്ടില്ല.

അദാനി ഈ കൊടുങ്കാറ്റുകളെ അതിജീവിക്കുമെന്ന് തന്നെ വിശ്വസിക്കുന്നു. അത് അദാനി എൻ്റെ വകേലെ അമ്മാവൻ്റെ മോൻ ആയതുകൊണ്ടല്ല. മറിച്ച് ആങ്ങള മരിച്ചാലും സാരമില്ല നാത്തൂൻ്റെ കണ്ണീര് കണ്ടാൽ മതി എന്ന ഫിലോസഫിയെ പടിയ്ക്ക് പുറത്ത് നിറുത്തുന്നതിനാലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button