KeralaLatest NewsNews

‘ചിന്ത ഇവിടെത്തന്നെയുണ്ടാകും, ചിലപ്പോൾ MLA യോ MP യോ ഒക്കെയായി, മന്ത്രിയായി’: ചിന്തയ്‌ക്കൊപ്പമെന്ന് വിധു വിൻസെന്റ്

കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചത് വിവാദമായിരുന്നു. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. അമ്മയുടെ ചികില്‍സ ഉള്‍പ്പെടെ പരിഗണിച്ചാണ് അവിടെ താമസിച്ചതെന്നും, കോവിഡ് കാലത്ത് അമ്മയ്ക്കു സ്ട്രോക്ക് വന്നിരുന്നുവെന്നും വ്യക്തമാക്കിയ ചിന്ത, അമ്മയെ തനിച്ചാക്കി തനിക്ക് പോകാൻ കഴിയുമായിരുന്നില്ലെന്നും വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ, വിവാദങ്ങൾക്കിടെ ചിന്തയെ പിന്തുണച്ച് സംവിധായിക വിധു വിൻസന്റ്.

സ്വന്തം കയ്യിൽ നിന്ന് കാശ് മുടക്കി ചിന്തയും പെൻഷനുള്ള അമ്മയും കൂടി ചികിത്സാ സൗകര്യങൾക്കും അമ്മയെ ഒറ്റയ്ക്കാക്കാതിരിക്കാനും ഒരു സ്ഥലം തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ ആർക്കാണിത്ര ചൊറിയെന്ന് വിധു വിൻസെന്റ് ചോദിക്കുന്നു. ഹോട്ടലിൽ താമസിക്കുക എന്നത് തികച്ചും അവരുടെ വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണെന്നും, സോഷ്യൽ ഓഡിറ്റിംഗ് എന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനുള്ള വെള്ളമങ്ങ് ഇറക്കി വച്ചേക്കുക എന്നും വിധു വിൻസെന്റ് ഫേസ്‌ബുക്കിൽ കുറിച്ചു.

‘ചിന്ത ഇവിടെത്തന്നെയുണ്ടാകും. ഇപ്പോൾ യുവജന കമ്മീഷന്റെ അധ്യക്ഷയായി, ചിലപ്പോൾ MLA യോ MP യോ ഒക്കെയായി, മന്ത്രിയായി. തെറ്റുപറ്റിയെങ്കിൽ അങ്ങനെ സംഭവിച്ചു എന്ന് സത്യസന്ധതയോടെ സമ്മതിക്കുന്ന നേതാവായി. മാധ്യമ സുഹൃത്തുക്കളോട് ഒരു കാര്യം, ചിന്ത ചോദിച്ചതുപോലെ നിങളിത്രനാളും ആ വീട്ടിൽ ചെന്നല്ലേ അവളെ കണ്ടിരുന്നത്? അഭിമുഖങ്ങൾ എടുത്തിരുന്നത്? അപ്പോൾ നിങ്ങൾക്ക് സ്വബുദ്ധിയിൽ തോന്നേണ്ട കാര്യം ഏതെങ്കിലുമൊരു കോൺഗ്രസ്കാരൻ എറിഞ്ഞു തന്ന എല്ലിൻ കഷ്ണത്തിന് പിറകേ പോയിട്ട് വേണമായിരുന്നോ തോന്നാൻ? ചിന്തക്കൊപ്പം’, സംവിധായിക കുറിച്ചു.

വിധു വിൻസെന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ചിന്താ ജെറോമിന്റെ താമസസ്ഥലവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലത്തെ നേതൃത്വത്തെ ഉദാഹരിച്ചു കൊണ്ടൊക്കെ പലരും എഴുതിയത് കണ്ടു. ലോകവും ജീവിതവും മാറിയെന്നും സാമൂഹ്യ- രാഷ്ട്രീയാന്തരീക്ഷങ്ങൾ പരിണമിച്ചിട്ടുണ്ടെന്നും ദാരിദ്ര്യത്തിനെയും സമ്പത്തിനെയും കുറിച്ചുള്ള സങ്കല്പങ്ങൾ വ്യത്യാസപ്പെട്ടിട്ടുണ്ടെന്നും പൊതുവിൽ ആളുകൾ മനസിലാക്കുമ്പോൾ പോലും ഇടതുപക്ഷത്തെ കുറിച്ച്, ‘അവർ ചാക്കേ ഉടുക്കാവു. ചാരം പൂശിയേ നടക്കാവൂ’ എന്ന് ചില നിർബന്ധങ്ങൾ നമുക്കുണ്ട്. അതുകൊണ്ടാണ് ചിന്ത താമസിക്കുന്ന സ്ഥലത്തെ കുറിച്ച് കേൾക്കുമ്പോൾ നമുക്കിത്ര കണ്ണ് തള്ളൽ.
സ്വന്തം കയ്യിൽ നിന്ന് കാശ് മുടക്കി ചിന്തയും പെൻഷനുള്ള അമ്മയും കൂടി ചികിത്സാ സൗകര്യങൾക്കും അമ്മയെ ഒറ്റയ്ക്കാക്കാതിരിക്കാനും ഒരു സ്ഥലം തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ ആർക്കാണിത്ര ചൊറി ? അത് തികച്ചും അവരുടെ വ്യക്തിപരവും സ്വകാര്യ വുമായ കാര്യമാണ്.
രണ്ടാമത്തെ സിനിമ ചെയ്യുന്ന സമയത്ത് എന്നോടൊപ്പം താമസിച്ചിരുന്ന മകളെ ബോർഡിംഗ് സ്കൂളിൽ നിർത്തേണ്ടി വന്ന ഒരു സാഹചര്യമുണ്ടായി. സിനിമയുടെ പ്രീപ്രൊഡക്ഷനും മറ്റും വേണ്ടിയുള്ള തിരക്കുകൾക്കിടയിൽ അവൾ ഒറ്റക്കാവാതെ നോക്കണമായിരുന്നു. സേഫ് ആയ സ്ഥലത്താണ് അവൾ താമസിക്കുന്നത് എന്നുറപ്പിക്കണമായിരുന്നു. മാത്രവുമല്ല പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അവളെ സഹായിക്കാനുള്ള സംവിധാനങ്ങളുണ്ടെന്ന് എനിക്ക് ബോധ്യപ്പെടണമായിരുന്നു. മതപരമായ നിർബന്ധങ്ങൾക്ക് അവൾ വിധേയമാകുന്നില്ല എന്ന് നോക്കണമായിരുന്നു.ഒടുവിൽ അത്തരമൊരു
സ്ഥലത്താണ് അവളെ ചേർത്തത്. പക്ഷേ അവിടുത്തെ ഫീസ് എനിക്ക് താങ്ങാൻ പറ്റാത്തതായതിനാൽ ഒരു ലോണെടുക്കേണ്ടി വന്നു. സിനിയുടെ ജോലികൾ സമാധാനമായി പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞത് അവൾ സന്തോഷത്തോടെ ബോർഡിംഗിലുണ്ട് എന്നുറപ്പു വരുത്താൻ കഴിഞ്ഞതു കൊണ്ട് മാത്രമാണ്.
പിന്നീട് പലരും ചോദിച്ചു ലോണെടുത്ത് കുട്ടിയെ പഠിപ്പിക്കേണ്ടിയിരുന്നോ? വലിയ ഫീസുള്ള സ്കൂളിൽ കുട്ടിയെ ചേർത്തത് നിങ്ങളുടെ നിലപാടിന് വിരുദ്ധമല്ലേ ? അവരോട് ഇത്രയേ ചോദിക്കാനുണ്ടായിരുന്നുള്ളൂ.. കുട്ടിയെ ചേട്ടന്റെ വീട്ടില് നിർത്തി പഠിപ്പിക്കുമായിരുന്നോ? ലോണടക്കുന്നത് ചേട്ടനല്ലല്ലോ.. ഞാനല്ലേ ? ഇത്രയും ബുദ്ധിമുട്ടി സിനിമ ചെയ്യണമെന്ന് എന്താ ഇത്ര നിർബന്ധം എന്ന് ചോദിച്ചവരോട് പറഞ്ഞതിതാണ്. അതാണിവിടെ പ്രസക്തവും.
ഞങൾ സിനിമ ചെയ്യും , ജോലിക്ക് പോവും, രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും നടത്തും. ചിലപ്പോൾ ഞങളുടെ ഒക്കത്ത് കുട്ടികളും മറ്റ് ചിലപ്പോൾ കൂടെ പ്രായം ചെന്ന അമ്മമാരും ഉണ്ടാവും. ഇവിടുത്തെ ആൺ പെറന്നോൻമാർക്ക് വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന പോലെ സൗകര്യമായിരിക്കില്ല ഞങ്ങളുടെ വരവ്. പക്ഷേ അങ്ങനെ ഇറങ്ങി വരാനുള്ള മാർഗ്ഗങ്ങൾ ഞങൾ കണ്ടെത്തുക തന്നെ ചെയ്യും. കാരണം ചിന്തയും ഞാനും അടക്കം പൊതു ഇടങ്ങളിലേക്ക് പുറപ്പെട്ടു പോന്ന സ്ത്രീകളെല്ലാം തന്നെ ഒരു പാട് സങ്കട കടലുകൾ താണ്ടി തന്നെയാണ് ഇവിടെ നില്ക്കുന്നത്.. അലച്ചിലുകൾക്കൊടുവിൽ ദിവസവും വീട്ടിൽ ചെന്ന് കയറുമ്പോൾ ഒരു കപ്പ് ചൂടുള്ള ചായ തരാൻ ഞങ്ങളിൽ പലർക്കും വീട്ടിൽ വേറെ ആരും ഉണ്ടായി കൊള്ളണമെന്നില്ല. അപ്പോൾ വലിയ വില കൊടുത്തിട്ടാണെങ്കിലും ഒരു കോഫി മേക്കർ വാങ്ങി വയ്ക്കാൻ ആലോചിക്കും. ഭക്ഷണം കഴിച്ചതും ഉണ്ടാക്കിയതുമായ പാത്രങ്ങൾ വൃത്തിയാക്കാൻ ഒരു ഡിഷ് വാഷർ വേണമെന്ന് ആഗ്രഹിക്കും. കാരണം ഞങളുടെ ഇ ടങ്ങളിൽ കോഫി മേക്കറും ഡിഷ് വാഷറും ഒക്കെ ഞങൾ തന്നെയാണേ… ഇനിയുമിത് ചെയ്തു കൊണ്ടിരിക്കാൻ സമയവും സൗകര്യവുമില്ല … ആയതിനാൽ സോഷ്യൽ ഓഡിറ്റിംഗ് എന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനുള്ള വെള്ളമങ്ങ് ഇറക്കി വച്ചേക്കുക… അവൾ ഇവിടെത്തന്നെയുണ്ടാകും , ഇപ്പോൾ യുവജന കമ്മീഷന്റെ അധ്യക്ഷയായി , ചിലപ്പോൾ MLA യോ MP യോ ഒക്കെയായി… മന്ത്രിയായി … തെറ്റുപറ്റിയെങ്കിൽ അങ്ങനെ സംഭവിച്ചു എന്ന് സത്യസന്ധതയോടെ സമ്മതിക്കുന്ന നേതാവായി….
മാധ്യമ സുഹൃത്തുക്കളോട് ഒരു കാര്യം.. ചിന്ത ചോദിച്ചതുപോലെ നിങളിത്രനാളും ആ വീട്ടിൽ ചെന്നല്ലേ അവളെ കണ്ടിരുന്നത്? അഭിമുഖങ്ങൾ എടുത്തിരുന്നത്? അപ്പോൾ നിങ്ങൾക്ക് സ്വബുദ്ധിയിൽ തോന്നേണ്ട കാര്യം ഏതെങ്കിലുമൊരു കോൺ ഗ്രസ്കാരൻ എറിഞ്ഞു തന്ന എല്ലിൻ കഷ്ണത്തിന് പിറകേ പോയിട്ട് വേണമായിരുന്നോ തോന്നാൻ?
ചിന്തക്കൊപ്പം

shortlink

Related Articles

Post Your Comments


Back to top button