KeralaLatest News

പെരിയ ഇരട്ട കൊലപാതകം, ഷുഹൈബ് കൊലക്കേസ്: സി.ബി.ഐ.യെ തടയാന്‍ സര്‍ക്കാര്‍ ചെലവിട്ട കോടികളുടെ കണക്ക് പുറത്ത്

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് വീണ്ടും ചര്‍ച്ചയാകുന്നതിനിടെ കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പുറത്തുവന്നു. ഷുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് എന്നിവ സി.ബി.ഐ.ക്ക് വിടാതിരിക്കാന്‍ കേരളത്തിന് പുറത്തുള്ള അഭിഭാഷകരെ എത്തിച്ച് കോടതിയില്‍ വാദിച്ചതിന് സര്‍ക്കാര്‍ ചെലവിട്ടത് 2.11 കോടി രൂപ. പെരിയ ഇരട്ടക്കൊലക്കേസില്‍ 1.14 കോടി രൂപയും ഷുഹൈബ് കേസില്‍ 96.34 ലക്ഷം രൂപയും ചെലവായി.

സുപ്രീംകോടതിയില്‍ പെരിയ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത് മനീന്ദര്‍ സിങ് ആയിരുന്നു. 24.50 ലക്ഷം രൂപയാണ് മനീന്ദര്‍സിങ്ങിന് നല്‍കിയത്. ഡോ. മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള മറുപടി നല്‍കിയത്. ഷുഹൈബ് വധക്കേസില്‍ അഭിഭാഷകര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 96,34,261 രൂപയാണ് മുടക്കിയത്. അഭിഭാഷക ഫീസായി 86.40 ലക്ഷം രൂപയും അഭിഭാഷകര്‍ക്കുള്ള വിമാനയാത്രയ്ക്കും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനുമായി 6,64,961 രൂപയുമാണ് ചെലവഴിച്ചത്.

കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ എത്തിയത് കേരളത്തിന് പുറത്തുള്ള മുതിര്‍ന്ന അഭിഭാഷകരായിരുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ വിജയ് ഹന്‍സാരിക്ക് നല്‍കിയത് 64.40 ലക്ഷം രൂപ. അമരീന്ദര്‍ സിങ്ങിന് 22 ലക്ഷം രൂപയും നല്‍കി. സുപ്രീംകോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത് വിജയ് ഹന്‍സാരിയും ജയദീപ് ഗുപ്തയുമായിരുന്നു.

ഇവര്‍ സുപ്രീം കോടതിയില്‍ വാദിച്ചതിന് കൊടുത്ത ഫീസ് 3.30 ലക്ഷം രൂപയാണ്. പെരിയയില്‍ കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെയായിരുന്നു. പെരിയ കേസില്‍ അഭിഭാഷകര്‍ക്കു മൊത്തം ചെലവാക്കിയത് 1,14,83,132 രൂപയാണ്. ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപ ഫീസ് ഇനത്തില്‍ നല്‍കി. 2,33,132 രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമായി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button