Latest NewsNewsIndia

ടിപ്പു സുൽത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു:നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറ

ബെം​ഗളൂരു: കർണാടകത്തിൽ ടിപ്പു സുൽത്താന്‍റെ പേരിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികൾ രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ടിപ്പുവിന്റെ പേര് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്. വിവാദങ്ങൾക്ക് വേണ്ടി ടിപ്പു സുൽത്താന്‍റെ പേര് ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറയിൽ പെട്ടവർ പറയുന്നു. സാഹേബ് സാദാ മൻസൂർ അലിയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പിയോ കോൺഗ്രസോ രാഷ്ട്രീയ നേട്ടങ്ങൾക്കായി ടിപ്പു സുൽത്താന്റെ പേര് ഉപയോഗിച്ചാൽ മാനനഷ്ടക്കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ ടിപ്പു സുൽത്താന്റെ കുടുംബത്തിന്റെയും അനുയായികളുടെയും വികാരം വ്രണപ്പെടുത്തി എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പു സുൽത്താന്‍റെ പേര് എന്നും വിവാദ വിഷയമാണ്. ഏറ്റവുമൊടുവിൽ ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പുവിന്‍റെയും സവർക്കറുടെയും ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാകുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ കുടുംബം ഇപ്പോൾ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

‘ടിപ്പുവിന്റെ പിൻഗാമികളും കുടുംബാംഗങ്ങളും ആയതിനാൽ ഞങ്ങൾ മൈസൂരിൽ നിന്നുള്ള ഞങ്ങളുടെ അഭിഭാഷക സംഘമായ ഫാത്തിം ആസിഫുമായി സംസാരിച്ചിട്ടുണ്ട്. ടിപ്പു സുൽത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കരുതെന്ന ഉത്തരവിനായി കോടതിയിൽ പോകും. ബിജെപിയും കോൺഗ്രസും, ആരുമാകട്ടെ വിവാദങ്ങൾ ടിപ്പു സുൽത്താന്റെ കുടുംബത്തിന്റെയും അനുയായികളുടെയും വികാരം വ്രണപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഒരു പാർട്ടിയും ടിപ്പു സുൽത്താന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, വോട്ടിനായി ധ്രുവീകരിക്കാൻ മാത്രമാണ് അവർ അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചത്’, അലി പറഞ്ഞു.

‘ടിപ്പുവിനെ പാഠപുസ്തകത്തിൽ നിന്ന് നീക്കി, ടിപ്പു ജയന്തി വേണ്ടെന്ന് വച്ചു, ടിപ്പു എക്സ്പ്രസിന്‍റെ പേര് മാറ്റി, പ്രതിരോധത്തിലാകുമ്പോഴാണ് സർക്കാർ ടിപ്പു സുൽത്താന്‍റെ പേര് ഉയർത്തിക്കൊണ്ടുവരിക. ഇത് ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട്’- ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button