Latest NewsNewsIndia

അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഭക്ഷണവും പരിചരണവും നൽകിയാൽ അവ അക്രമാസക്തരാവില്ല; ബോംബെ ഹൈക്കോടതി

മുംബൈ: അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഭക്ഷണവും പരിചരണവും നൽകിയാൽ അവ അക്രമാസക്തരാവില്ലെന്ന് ബോംബേ ഹൈക്കോടതി. സീവുഡ്സ് എസ്റ്റേറ്റ്സ് ലിമിറ്റഡ് എന്ന റസിഡൻഷ്യൽ സൊസൈറ്റിയും അവിടുത്തെ നായ് പ്രേമികളും തമ്മിലുള്ള തർക്കം തീർപ്പാക്കവേയാണ് ഹൈക്കോടതി ജസ്റ്റിസ് ഗൗതം പട്ടേലിന്റെ നിരീക്ഷണം. തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കാതെ, മരുന്നുകളും വാക്സീനുകളും നൽകാതെ അലയാൻ വിട്ടാൽ അവർ നിങ്ങളുടെ സൊസൈറ്റിയിൽ തന്നെ വരും. ഭക്ഷണം തേടിവരുന്ന നായ്ക്കൾ അക്രമാസക്തരാവുമെന്ന് കോടതി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചുനിന്ന് പ്രവർത്തിക്കണം. കുറച്ച് ഭക്ഷണവും പരിചരണവും ലഭിച്ചാൽ ഒരു നായയും അക്രമാസക്തനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് ഗൗതം പട്ടേൽ പറഞ്ഞു. ബോംബെ ഹൈക്കോടതിയിലെ തെരുവുനായ ശല്യം തീർത്തത് അവയ്ക്ക് ഭക്ഷണം നൽകിക്കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരു നായോടോ പുലിയോടോ അതിന്റെ അതിർത്തികളെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. നായക്ക് നിങ്ങളുടെ സീവുഡ് എസ്റ്റേറ്റിന്റെ അതിരുകൾ അറിയുമോ? ഇവിടെയും നിറയെ തെരുവുനായ്ക്കൾ ഉണ്ടായിരുന്നു. ഞങ്ങൾ അവയ്ക്ക് ഭക്ഷണം കൊടുത്തു. ഇപ്പോൾ അവ അവിടെക്കിടന്ന് ഉറങ്ങും. ഒരു ശല്യവുമില്ല’- ജസ്റ്റിസ് പറഞ്ഞു.

നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷനോട് തെരുവുനായക്കൾക്ക് ഭക്ഷണം നൽകാൻ പൊതു ഇടങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നവിമുംബൈയിലുള്ള സീവുഡ് എന്ന റെസിഡൻഷ്യൽ കോംപ്ലക്സിലെ ആറു താമസക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനെ ശക്തമായി എതിർക്കുന്നവരാണ് സീവുഡ് എസ്റ്റേറ്റിന്റെ മാനേജ്മെന്റ്. അങ്ങനെ ചെയ്യുന്നവർക്കൊക്കെ പിഴ ഈടാക്കുന്ന മാനേജ്മെന്റ് നടപടിയെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

മൃഗസ്‌നേഹികൾക്ക് അനുകൂലമായി അവകാശങ്ങൾ നൽകാൻ സാധിക്കില്ല, പക്ഷേ ചില ചുമതലകൾ നൽകാൻ സാധിക്കും. സീവുഡ്‌സ് എസ്റ്റേറ്റ് തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ പണം ചെലവാക്കേണ്ടതില്ല, അതിനനുയോജ്യമായ സ്ഥലം മാത്രം നൽകിയാൽ മതിയെന്നും കോടതി വ്യക്തമാക്കി. മാർച്ച് 20ന് കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button