KeralaLatest NewsNews

അവസാന തീയതി ഇന്ന്: ഇക്കാര്യം ചെയ്തില്ലെങ്കിൽ 10 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ മുടങ്ങും

തിരുവനന്തപുരം: ക്ഷേമ പെൻഷൻ ലഭിക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയിൽ നിന്നും പുറത്താക്കും. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 2023 മാര്‍ച്ച് മാസം മുതല്‍ പെന്‍ഷനുകള്‍ അനുവദിക്കുന്നതുമല്ല. സംസ്ഥാനത്ത് 10 ലക്ഷത്തോളം പേരാണ് ഇനിയും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ളത്.

സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറി പെന്‍ഷന്‍ പുനസ്ഥാപിച്ചു നല്‍കുന്നതാണ്. എന്നാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്‍ഷന്‍ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടായിരിക്കില്ല. കൈവശമുളള ഭൂമിയുടെ വിസ്തൃതി ഉള്‍പ്പെടെയുളള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേരെ പദ്ധതിയില്‍ നിന്ന് ഒഴുവാക്കിയിരുന്നു. പല ഘട്ടങ്ങളായാണ് ഇത്തരക്കാരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം ഏറ്റവും അര്‍ഹരായവരെ മാത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.

പ്രതിമാസം 1600 രൂപ പെന്‍ഷന്‍ തുക ലഭിക്കുന്ന പദ്ധതിയാണിത്. നിലവില്‍ 52.21 ലക്ഷം പേര്‍ക്കാണ് പദ്ധതിയിലൂടെ പെന്‍ഷന്‍ ലഭിക്കുന്നത്. പെന്‍ഷന്‍ തുക കണ്ടെത്തുന്നതിനായി രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാനുളള പുതിയ നീക്കം. കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ 5 തരത്തിൽ സാമൂഹികസുരക്ഷാ പെൻഷനുണ്ട്. പ്രതിമാസ തുക 1600 രൂപ. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button