KeralaLatest News

കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം: കാറിൽ പെട്രോൾ ഉണ്ടായിരുന്നെന്ന് ഫോറൻസിക് റിപ്പോർട്ട്, നിഷേധിച്ച് കുടുംബം

കണ്ണൂര്‍: കാര്‍ കത്തി ദമ്പതികള്‍ മരിച്ച ദാരുണ സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് നേരത്തെ തന്നെ മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രവേഗം തീ ആളിക്കത്താന്‍ കാരണമായത് കാറിനുള്ളിലെ പെട്രോള്‍ സാന്നിധ്യമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം.

കത്തിയ കാറിലെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ആ റിപ്പോര്‍ട്ടിലാണ് കാറിനുളളില്‍ പെട്രോളിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന കുടുംബത്തിന്റെ വാദം തള്ളി.

തളിപ്പറമ്പ് സബ് ജ്യൂഡിഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാറിനുള്ളിലെ പെട്രോള്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി രണ്ടിനാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത്. അപകടം ഉണ്ടായ പിറ്റേദിവസമാണ് കാറിനുള്ളില്‍ നിന്ന് പെട്രോളിന്റെ കുപ്പി കണ്ടെത്തിയത്. കാറിനുള്ളിലുണ്ടായിരുന്ന പെട്രോളിന്റെ സാന്നിധ്യമാണ് അതിവേഗം തീ പടരാന്‍ ഇടയാക്കിയതെന്ന് അപകടത്തിന് പിന്നാലെ മോട്ടാര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു.

 

shortlink

Post Your Comments


Back to top button