Latest NewsKerala

തിരുവല്ലയിൽ കരാര്‍ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും അറസ്റ്റില്‍

പത്തനംതിട്ട: കൈക്കൂലി വാങ്ങിയതിന് പത്തനംതിട്ട തിരുവല്ല നഗരസഭാ സെക്രട്ടറിയെയും നഗരസഭാ അറ്റന്‍ഡറേയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഖരമാലിന്യ സംസ്‌കരണ കരാറുകാരനില്‍ നിന്നും 25,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, അറ്റന്‍ഡര്‍ ഹസീന ബീഗം എന്നിവരാണ് വിജിലന്‍സ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് സെക്രട്ടറിയുടെ ക്യാബിനില്‍ വെച്ചാണ് കരാറുകാരനില്‍ നിന്ന് സെക്രട്ടറി കൈക്കൂലി വാങ്ങിയത്.

2024 വരെ നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണത്തിനുള്ള കരാറുള്ളയാളാണ് ക്രിസ്റ്റഫര്‍. ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സെക്രട്ടറിയുടെ ആവശ്യം. പലവട്ടം പണം ആവശ്യപ്പെട്ടതോടെയാണ് ക്രിസ്റ്റഫര്‍ വിജിലന്‍സിനെ സമീപിച്ചത്. ആദായനികുതി അടയ്ക്കാന്‍ 25,000 രൂപ അത്യാവശ്യമായി തരണമെന്ന് നഗരസഭാ സെക്രട്ടറി ക്രിസ്റ്റഫറിനോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെക്രട്ടറിയുടെ ക്യാബിനില്‍ എത്തിയ ക്രിസ്റ്റഫര്‍ വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ 500ന്റെ 50 നോട്ടുകള്‍ സെക്രട്ടറിക്ക് കൈമാറി. ഇതുവാങ്ങി ആദ്യം മേശയിലിട്ട സെക്രട്ടറി പിന്നീട് ഹസീനയെ വിളിച്ച് പണം കൈമാറി.

ഇതുമായി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങവെയാണ് വിജിലന്‍ സംഘം എത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായാണ് തന്റെ കയ്യില്‍ പണം ഏല്‍പ്പിച്ചതെന്ന് ഹസീന വിജിലന്‍സിന് മൊഴി നല്‍കി. നാരായണ്‍ സ്റ്റാലിനെയും ഹസീനയെയും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇവരുടെ വീടുകളിലും വിജിലന്‍സ് പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button