KeralaLatest NewsNews

‘സർക്കാർ പരാജയം, നാണക്കേട് തോന്നി സ്വയം തിരുത്തണം’: ബ്രഹ്മപുരം വിഷപ്പുകയിൽ പിണറായി സർക്കാരിനെ വിമർശിച്ച് ഹരീഷ് വാസുദേവൻ

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിൽ തീ ആളിപ്പടർന്ന് കൊച്ചി നഗരം മുഴുവൻ വിഷപ്പുക ആയ സംഭവത്തിൽ പിണറായി സർക്കാരിനെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി. ഭരണത്തിലൂടെ സർക്കാർ ചെയ്യേണ്ടത് പരാജയപ്പെടുന്നത് കൊണ്ടാണ് കളക്ടർക്കും സെക്രട്ടറിക്കും PCB ചെയർമാനും ഒക്കെ ഇപ്പോൾ കോടതിയിൽ പോയി നിൽക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പാരാജയമാണ് ഇതെന്ന് ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗത്തിൽ തീരുമാനമായിരുന്നു. ബ്രഹ്‌മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഓരോ ചട്ടവും ഒരു സ്കീമായി വേണം കാണാൻ, അതിന്റെ അറ്റവും മൂലയും വായിച്ചു നടപ്പാക്കാൻ പോകരുത്. കൊച്ചിയിലെയും കേരളത്തിൽ പൊതുവെയും മാല്യന്യപ്രശ്‌നം ഉണ്ടാകുന്നത് 2016 ലെ ചട്ടം നടപ്പാക്കേണ്ട എന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതുകൊണ്ടു മാത്രമാണ്. പ്രസ്തുത ചട്ടത്തിൽ ആദ്യ ഉത്തരവാദിത്തം മാലിന്യം ഉണ്ടാക്കുന്ന ആൾക്കാണ്. വലിച്ചെറിയുന്ന ആൾക്ക് ക്രിമിനൽ കേസാണ്, പിഴയാണ് അനുശാസിക്കുന്നത്. ജൈവമാലിന്യം ഉറവിടത്തിലും അജൈവം പ്ലാന്റിലും സംസ്കരിക്കണം. തരംതിരിച്ചു ശേഖരിക്കലും വികേന്ദ്രീകൃതമായി സംസ്കരിക്കലും തദ്ദേശസ്ഥാപനങ്ങളുടെ ജോലിയും അതിനുവേണ്ട അവസരമൊരുക്കി കൊടുക്കൽ സർക്കാരിന്റെ ബാധ്യതയും, ലംഘനം ഉണ്ടോയെന്ന് നോക്കലും ശാസ്ത്രീയ നിർദ്ദേശങ്ങൾ നൽകൽ മലിനീകരണ ബോർഡിന്റെ ജോലിയുമാണ്.
കേരളത്തിൽ പൊതുവിലും കൊച്ചിയിൽ പ്രത്യേകിച്ചും ഈ ചട്ടത്തിന്റെ നഗ്നമായ ലംഘനം പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്ന ഒരാൾക്കെതിരെ പോലും എന്റെയറിവിൽ ക്രിമിനൽ കേസ് എടുത്തിട്ടില്ല. സംസ്കരണശാല ഇല്ലാത്ത സ്ഥലത്ത്, പുഴയോരത്ത്, ചതുപ്പിൽ മാലിന്യം നിക്ഷേപിക്കുക മാത്രമാണ് കോർപ്പറേഷൻ ചെയ്തത്. സംസ്ഥാന സർക്കാർ ഇതിനു ഒത്താശ നൽകി. ദേശീയഹരിത ട്രിബ്യുണൽ നടപടിയെടുത്തപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ ചട്ടം നടപ്പാക്കാൻ, ഹൈക്കോടതിയും ഒന്നും ചെയ്തില്ല. നാളിതുവരെ MSW RULES 2016 സമഗ്രവീക്ഷണത്തോടെ ഹൈക്കോടതിയും കൈകാര്യം ചെയ്തിട്ടില്ല. താൽക്കാലിക പരിഹാരങ്ങളിൽ, ഇടക്കാല ഉത്തരവുകളിൽ, സത്യവാങ്മൂലങ്ങളിൽ കോടതിയും തണുത്തു.
തിരുവനന്തപുരം കോർപ്പറേഷനിൽ മാലിന്യസംസ്കരണം നല്ലനിലയ്ക്ക് നടന്നത് മികച്ച ഉദാഹരണമായിരുന്നു. ഡോ.തോമസ് ഐസക്ക്, അന്നത്തെ മേയർ VK പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ, വികേന്ദ്രീകൃത മാലിന്യസംസ്കരണം നഗരങ്ങളിൽ സാധ്യമാണ് എന്ന് തെളിയിച്ചു. വേണ്ടത്ര രാഷ്ട്രീയപിന്തുണ കിട്ടാത്തത് കൊണ്ടാണോ എന്നറിയില്ല അത് നീണ്ടുനിന്നില്ല. കൊച്ചിയിൽ WTE പ്ലാന്റ് പോലുള്ള തലതിരിഞ്ഞ ആശയങ്ങൾ കൊണ്ടുവന്ന ഉദ്യോഗസ്ഥ മണ്ടത്തരങ്ങൾക്ക് തലകുലുക്കുകയാണ് മന്ത്രിസഭയും ചെയ്തത്. ഫലമോ? മര്യാദയ്ക്ക് സംസ്കരണം നടത്താൻ ശ്രമിച്ച സമീപപഞ്ചായത്തുകളുടെയും കൂടി മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടിട്ടു.
പതിവ് ബഹളങ്ങൾക്ക് അപ്പുറത്ത്, 2016 ലെ മുനിസിപ്പൽ ഖരമാലിന്യസംസ്കരണ ചട്ടവും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പാക്കാനാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെ കാഴ്ചപ്പാട് എന്നത് വ്യക്തമാണ്. വ്യക്തിക്കും കോർപ്പറേഷനും സർക്കാരിനും PCB ക്കും ഉള്ള ഉത്തരവാദിത്തങ്ങൾ വേർതിരിച്ചു പഠിപ്പിച്ചു നടപ്പാക്കാനുള്ള കർമ്മപദ്ധതിയാണ് ഇന്നലെ കോടതി പറഞ്ഞത്.
“സെക്രട്ടറീ, ഞങ്ങൾ ജഡ്ജിമാരും നിങ്ങളുടെ അധികാരപരിധിയിലാണ് താമസിക്കുന്നത്. തെറ്റ് ഞങ്ങളുടെ വീട്ടിൽനിന്ന് ഉണ്ടായാലും നടപടി വേണം.. Reduce, Reuse, recycle എന്ന തത്വം പ്രായോഗികമായി നടപ്പാക്കിയാലേ ലോകത്തെവിടെയും മാലിന്യസംസ്കരണത്തിന് പരിഹാരമുണ്ടാകൂ എന്നാണ് ഡിവിഷൻ ബെഞ്ച് പറഞ്ഞത്. അപ്പോഴേ ഇതൊരു കൽച്ചറായി കേരളത്തിൽ വളർത്തി എടുക്കാൻ സാധിക്കൂ.
“ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിക്കണം, ഏറ്റവും വലിയവനെ പിടിക്കണം അപ്പോഴേ മറ്റെല്ലാവരും നിയമം അനുസരിക്കൂ, എന്റെ അനുഭവമാണ്.” ജസ്റ്റിസ് ഭട്ടി പറഞ്ഞു. നിയമവും ഭരണഘടനയും ഒക്കെ നടപ്പാക്കാനാണ് ആ സീറ്റും അധികാരവും എന്ന് സെക്രട്ടറിയെ കോടതി ഓർമ്മിപ്പിച്ചു. മറിച്ചുള്ള പ്രഷർ വന്നാലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരാവും കോടതിയോട് സമാധാനം പറയേണ്ടി വരിക. വ്യക്തിഗതമായി കുറ്റക്കാരൻ ആകുമെന്ന് നിയമം ഉദ്ധരിച്ചു കോടതി ഓർമ്മിപ്പിച്ചു.
മാലിന്യം ഉണ്ടാക്കുന്നവന്റെ ഉത്തരവാദിത്തമായിരിക്കണം സംസ്കരണവും. ഇഷ്ടം പോലെ മാലിന്യമുണ്ടാക്കൂ ഞങ്ങൾ സംസ്കരിക്കും എന്ന മോഡൽ അടിസ്ഥാനപരമായി തെറ്റായതിനാൽ എന്നെങ്കിലും പൊളിയും.
കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും പ്രത്യേകം അമിക്കസ്ക്യൂറിയെ വെച്ച് 3 മാസത്തിനകം കാര്യങ്ങൾ ശരിയായ വഴിക്ക് കൊണ്ടുവരും എന്നാണ് ഡിവിഷൻബെഞ്ച് പ്രതീക്ഷ അർപ്പിച്ചത്. ഹൈലെവൽ സമിതി യോഗങ്ങൾ കൊണ്ടൊന്നും കാര്യം നടക്കുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു.
നോക്കൂ, ഭരണത്തിലൂടെ സർക്കാർ ചെയ്യേണ്ടത് പരാജയപ്പെടുന്നത് കൊണ്ടാണ് കളക്ടർക്കും സെക്രട്ടറിക്കും PCB ചെയർമാനും ഒക്കെ ഇപ്പോൾ കോടതിയിൽ പോയി നിൽക്കേണ്ടി വരുന്നതും, ADMINISTRATION മേൽനോട്ടം കോടതികൾക്ക് ഏറ്റെടുക്കേണ്ടി വരുന്നതും. രാഷ്ട്രീയ നേതൃത്വത്തിന്റെ പാരാജയമാണ് ഇത്. അതിലവർക്ക് നാണക്കേട് തോന്നി സ്വയം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button