KeralaLatest NewsNews

ആത്മാഭിമാനമുള്ള ഒരു മലയാളിയും ബിജെപിയെ പിന്തുണക്കില്ല: എം.വി ഗോവിന്ദന്‍

വര്‍ഗീയ ലഹളയും കലാപവുമില്ലാതെ സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം, ഇന്ത്യയില്‍ ഏറ്റവും സുരക്ഷിത സംസ്ഥാനം : ആത്മാഭിമാനമുള്ള ഒരു മലയാളിയും ബിജെപിയെ പിന്തുണക്കില്ല: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിക്ക് എതിരായ പ്രചാരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത് എത്തിയതോടെ ഇരു പാര്‍ട്ടികളുടേയും നേതാക്കന്മാര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂരില്‍ അമിത് ഷാ വന്നതും, സുരേഷ് ഗോപി എം.പിയുടെ തീപ്പൊരി പ്രസംഗവുമാണ് വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുന്നത്.

Read Also: ബ്രഹ്മപുരം തീപിടുത്തം: വിദഗ്‌ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി

‘ശ്രീ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, നിങ്ങളെയൊക്കെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങള്‍ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.’ ഇതായിരുന്നു അമിത് ഷായെ മുന്‍ നിര്‍ത്തി സുരേഷ് ഗോപി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

എന്നാല്‍, കണ്ണൂരോ തൃശ്ശൂരോ എടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് സുരേഷ് ഗോപിക്ക് മറുപടിയുമായി എം.വി. ഗോവിന്ദന്‍ രംഗത്ത് വന്നിരിക്കുകയാണ്.

കണ്ണൂര്‍ ആര്‍ക്കാണ് എടുത്ത് കൂടാത്തത്. മൂന്നാം സ്ഥാനമോ നാലാം സ്ഥാനമോ എടുക്കാം. എടുക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും ഗോവിന്ദന്‍ സുരേഷ്ഗോപിയെ പരിഹസിച്ചു.

‘അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ പകുതി സമ്മതമാണ്. ആര്‍ക്ക്? കെട്ടാന്‍ തീരുമാനിച്ചയാള്‍ക്ക്. പക്ഷെ ബീവിക്ക് സമ്മതമല്ല, അതാണ് കാര്യം. ഇത്തരം ഡയലോഗ് കൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ല. രണ്ട് സീറ്റില്‍ മത്സരിച്ച ചരിത്രം ഇവിടെയുണ്ടല്ലോ’

‘സിനിമാ ഡയലോഗുകള്‍ തട്ടിവിട്ടാല്‍ ജയിക്കാന്‍ കഴിയുമെന്നാണ് സുരേഷ് ഗോപിയുടെ വിചാരം. അത് കേരളം അംഗീകരിക്കില്ല. ഇവിടെ ജയിക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി പറയാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റ് നേടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാര്‍. എന്നിട്ട് ഉണ്ടായിരുന്ന സീറ്റും പോയി, ഉണ്ടായിരുന്ന വോട്ട് ശതമാനവും കുറഞ്ഞു’.

‘വര്‍ഗീയ ലഹളയും കലാപമില്ലാതെ സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിത സംസ്ഥാനം കേരളമാണ്. കേരളം സുരക്ഷിതമല്ലെന്ന് ആക്ഷേപിച്ച, മഹാബലിയെ പോലും ചവിട്ടി താഴ്ത്താന്‍ ആഹ്വാനം ചെയ്ത ബിജെപിയെ പിന്തുണക്കാന്‍ അഭിമാനബോധമുള്ള ഒരു കേരളീയനും തയ്യാറാകില്ല’,
ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button