KeralaLatest NewsIndia

‘ഈ മുൻ മുഖ്യമന്ത്രി ബിജെപിയിൽ പോകാതെ നോക്കൂ’: കോൺഗ്രസിനോട് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് എന്‍ കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടർന്ന്, സിപിഎമ്മിനേയും ഇടത് സർക്കാരിനേയും ആക്രമിക്കാൻ നിൽക്കുന്നതിന് പകരം കിരൺ കുമാർ റെഡ്ഡി ബിജെപിയിലേക്ക് പോകാതെ നോക്കണം എന്ന് കോൺഗ്രസിനോട് അഭ്യർത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘ആർഎസ്എസ്’ മനസ്സില്ലാത്ത മതനിരപേക്ഷ കോൺഗ്രസുകാർ വായിക്കാൻ, സ്നേഹത്തോടെ.. -പി.എ മുഹമ്മദ് റിയാസ്. അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഢി കഴിഞ്ഞ ദിവസം കോൺഗ്രസ്സിൽ നിന്നും രാജിവെച്ചിരിക്കുകയാണ്. അണ്ടർ-22 സംസ്‌ഥാന ക്രിക്കറ്റ് ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ കൂടിയായ കിരൺ റെഡ്ഢി ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് മാധ്യമ വാർത്തകൾ.

കേരളത്തിലെ സിപിഐഎമ്മിനെയും ഇടതുപക്ഷ സർക്കാരിനെയും ആക്രമിക്കാൻ ആവോളം സമയം കണ്ടെത്തുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാർത്ഥത
ഈ മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രി ബിജെപിയിൽ പോകാതെനോക്കാൻ കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എസ്എം കൃഷ്ണ (കർണാടക)
ദിഗംബർ കാമത്ത് (ഗോവ)
വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്)
എൻഡി തിവാരി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്), പ്രേമഖണ്ഡു (അരുണാചൽ പ്രദേശ് ),
ബിരേൻ സിംഗ് ( മണിപ്പൂർ),
ക്യാപ്റ്റൻ അമരീന്ദർ സിംഗ് (പഞ്ചാബ്)
എന്നീ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ രായ്ക്കുരാമാനം ബിജെപിയിലേക്ക് പോയകാര്യം മറന്നിട്ടുപറയുന്നതല്ല ഇക്കാര്യം.

ബിജെപി വിരുദ്ധ ചേരി ദുർബലമാവരുത് എന്നതിനാൽ പറയേണ്ടിവരുന്നതാണ്.
ഗുജറാത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വന്നപ്പോൾ ദുഃഖിച്ചവരാണ് ഞങ്ങൾ.
എന്നാൽ 2018 ൽ ത്രിപുരയിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട്‌ ബിജെപിയാണ് അധികാരത്തിൽ വന്നതെന്നറിഞ്ഞിട്ടും ഞങ്ങളുടെ തോൽ‌വിയിൽ സന്തോഷം കൊണ്ട് തുള്ളി ചാടിയിടത്ത് എത്തി കേരളത്തിലെ പല കോൺഗ്രെസ്സുകാരുടെയും രാഷ്ട്രീയ നിലപാട് .

മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി പരാജയപ്പെട്ടപ്പോൾ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം. എന്നാൽ നേമത്ത് ഞങ്ങൾ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചപ്പോൾ തുള്ളിച്ചാടാൻ നിങ്ങളിൽ സന്തോഷം കണ്ടില്ല.
ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം.
കിരൺ കുമാർ റെഡ്ഢിയുടെ ബിജെപി പ്രവേശനം തടയാനും,പറ്റുമെങ്കിൽ മതനിരപേക്ഷ ചേരിയിൽ ഉറച്ചുനിർത്താനുമുള്ള എന്തെങ്കിലും ഇടപെടൽ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button