Latest NewsKeralaNews

മലയോര കര്‍ഷകരുടെ പ്രശ്നം കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല: പ്രസ്താവനയിൽ ഖേദമില്ലെന്ന് ബിഷപ്പ് പാംപ്ലാനി

കണ്ണൂർ: കേന്ദ്രം സഹായിച്ചാൽ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന തന്റെ പ്രസ്താവനയിൽ ഖേദമില്ലെന്ന് സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും മലയോര കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന വിഷയം കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ലെന്നും പാംപ്ലാനി വ്യക്തമാക്കി. തന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതിൽ സന്തോഷമുണ്ടെന്നും, രാഷ്ട്രീയ പാര്‍ട്ടികൾ എല്ലാം ഇപ്പോൾ കർഷകരുടെ പ്രശ്നങ്ങൾ അന്വേഷിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇറക്കുമതി തീരുവയ്ക്ക് മാറ്റം വരുത്താൻ കഴിയുന്ന രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടാണ് കർഷകരുടെ പ്രശ്നങ്ങൾ പറയേണ്ടത്. അല്ലാതെ പള്ളി ആക്രമിക്കുന്ന സങ്കികളോടും അവരുടെ ഗുണ്ടായിസത്തോടുമല്ല ഞാൻ സംസാരിച്ചത്. കര്‍ഷകര്‍ക്ക് പിന്തുണ നൽകുമോ എന്ന് പറയേണ്ടത് അവരാണ്. കേരളത്തിൽ എംപിയില്ലാ എന്നാണല്ലോ ബിജെപി പറയുന്നത്. ആദ്യം കര്‍ഷകരുടെ പ്രശ്നം പരിഹരിക്കൂ. അപ്പോൾ കര്‍ഷക‍ര്‍ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് ഞാൻ പറഞ്ഞത്’, അദ്ദേഹം വിശദീകരിച്ചു.

തന്റെ വാക്കുകളെ കത്തോലിക്കാ സഭയുടെ നിലപാടായി കാണേണ്ടതില്ലെന്നും റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് താന്‍ പങ്കുവച്ചതെന്നും ബിഷപ്പ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി സഹായിച്ചാല്‍ തിരിച്ച് സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ല. റബ്ബറിന്റെ പേരില്‍ കര്‍ഷകര്‍ രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും ബിജെപിയോട് അയിത്തമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത്. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കവേയാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button