Latest NewsKeralaNews

നിയമസഭയിലെ ചില കോൺഗ്രസ് എംഎൽഎമാരുടെ നാടകം സംഘപരിവാർ അജണ്ട: വിമർശനവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിയമസഭയിലെ ചില കോൺഗ്രസ് എംഎൽഎമാരുടെ നാടകം സംഘപരിവാർ അജണ്ടയെന്ന് പി എ മുഹമ്മദ് റിയാസ്. ബിജെപിക്ക് എംഎൽഎമാർ ഇല്ലെങ്കിലും ബിജെപി ദേശീയനേതൃത്വം ആഗ്രഹിക്കുന്ന രാഷ്ട്രീയം കേരള നിയമസഭയിൽ പയറ്റുവാൻ കോൺഗ്രസ് പ്രതിപക്ഷ നേതാവിലൂടെ സാധ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്, അവൾക്ക് വേണ്ടിയാണ് വിവാഹമോചനം നൽകിയത് : സജി

എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം നടപ്പിലാക്കാൻ നിയമസഭാ സമ്മേളനം നടത്താതിരിക്കുക എന്ന നിലപാടിലേക്കാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചില എംഎൽഎമാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിര പ്രമേയം ചർച്ച ചെയ്യാനാകുന്നില്ല എന്നുള്ളതാണല്ലോ പ്രതിപക്ഷ നേതാവ് ഉയർത്തുന്ന ആരോപണം. ഈ സർക്കാരിന്റെ കാലത്ത് 2021 മുതൽ ഇന്നുവരെ നാലുതവണയാണ് സഭാ നടപടികൾ നിർത്തിവെച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയങ്ങൾ ചർച്ചയ്‌ക്കെടുത്തത്. 14-3-2022, 28-6-2022, 4-7-2022, 6-12-2022 എന്നീ ദിവസങ്ങളിലാണ് സഭാ നടപടികൾ നിർത്തിവെച്ച് അടിയന്തിര പ്രമേയം ചർച്ച ചെയ്തത്. ഇത് സർവ്വകാല റെക്കോർഡാണ്. ഇതിന് അനുമതി നൽകിയ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്. ഇതറിയാത്തവരല്ല കേരളത്തിലെ പ്രതിപക്ഷമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള നിയമസഭയുടെ 66 വർഷത്തെ ചരിത്രത്തിൽ 34 അടിയന്തര പ്രമേയങ്ങളാണ് സഭ നിർത്തിവെച്ച് ചർച്ചയ്‌ക്കെടുത്തത്. ഇതിൽ 1957 മുതൽ 2016 വരെയുള്ള 59 വർഷത്തിൽ ആകെ 24 അടിയന്തര പ്രമേയങ്ങൾക്കേ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ അവസരം ലഭിച്ചുള്ളൂ. എന്നാൽ 2016 മുതൽ ഇന്നുവരെയുള്ള എഴോളം വർഷം കൊണ്ട് പ്രതിപക്ഷം നോട്ടീസ് നൽകിയ 10 അടിയന്തര പ്രമേയങ്ങൾക്കാണ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ അനുമതി നൽകിയത്. അതായത് കേരള നിയമസഭ രൂപീകരിക്കപ്പെട്ടതിനുശേഷം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ അവസരം കിട്ടിയ അടിയന്തര പ്രമേയങ്ങളുടെ 29.4% വും നടന്നത് ഏഴ് വർഷത്തെ പിണറായി വിജയൻ മന്ത്രിസഭകളുടെ കാലത്താണെന്ന് അദ്ദേഹം അറിയിച്ചു.

അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി ലഭിച്ചതിന്റെ കണക്കുനോക്കിയാലും കഴിഞ്ഞ ഏഴുവർഷത്തെ പ്രകടനം ഏറ്റവും മികച്ചതാണ്. 2016ന് ശേഷം ആകെ 254 തവണയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിൽ 239 തവണയും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലെ കാര്യങ്ങൾ സഭയിൽ അവതരിപ്പിക്കുകയും അതിന് മുഖ്യമന്ത്രിയടക്കം മന്ത്രിമാർ സഭയിൽ വിശദമായി മറുപടി നൽകുകയും ചെയ്യുകയുമുണ്ടായി.2021 ൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 85 തവണയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസുനൽകിയത്. ഇതിൽ 79 തവണയും അവതരണാനുമതി തേടി സംസാരിക്കാൻ അവസരം ലഭിച്ചു. നാലുതവണ സഭ നിർത്തിവെച്ച് ചർച്ചയും നടന്നു. ആറെണ്ണത്തിനുമാത്രമാണ് ഇക്കാലയളവിൽ അവതരണാനുമതി ലഭിക്കാതിരുന്നത്. അടിയന്തര പ്രമേയാവതരണത്തിന് അവസരം നിക്ഷേധിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്നുമാത്രമല്ല, ഏറ്റവും കൂടുതൽ അടിയന്തര പ്രമേങ്ങൾ അവതരിപ്പിക്കപ്പെട്ടതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യപ്പെട്ടതും പിണറായി വിജയൻ സർക്കാരുകളുടെ കാലത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വസ്തുതകൾക്ക് നിരക്കാത്ത കള്ളം പ്രചരിപ്പിച്ചുകൊണ്ട് എൽഡിഎഫ് സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുജനത്തിനുമുന്നിൽ അപഹാസ്യനാവുകയേയുള്ളൂ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർന്നുവരേണ്ട ഇടമാണ് നിയമനിർമ്മാണ സഭകൾ. സർക്കാരിന്റെ വികസന നേട്ടങ്ങളും ഭരണരംഗത്തെ ഇടപെടലുകളും ജനം അറിയാതെ പോകാനാണ് സഭ സ്തംഭിക്കുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്ര സർക്കാരിനും ബിജെപിക്കുമൊപ്പമാണ് തങ്ങളെന്ന് ഇവിടത്തെ പ്രതിപക്ഷം ആവർത്തിച്ചുവ്യക്തമാക്കുകയുമാണ്. സഭാതലത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒന്നും പറയാതിരിക്കാനുള്ള അവരുടെ അസാമാന്യ ജാഗ്രത കൂടിയാണ് ഇത്തരം സഭ സ്തംഭിപ്പിക്കൽ നാടകങ്ങളെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Read Also: പാകിസ്ഥാനില്‍ ഒരുനേരത്തെ ആഹാരം കിട്ടാനില്ല, ജനങ്ങള്‍ കവര്‍ച്ചയിലേയ്ക്ക് നീങ്ങുന്നു: രാജ്യത്ത് അരക്ഷിതാവസ്ഥ

shortlink

Related Articles

Post Your Comments


Back to top button