Latest NewsIndiaNews

രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായി, നാഥനില്ലാതെ വയനാട്: അയോഗ്യനാക്കിയുള്ള ഉത്തരവ് പുറത്ത്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം തെറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന്‌ കോടതി രണ്ടുവർഷം തടവിന്‌ ശിക്ഷ വിധിച്ചതോടെയാണ് രാ​ഹു​ല്‍ ഗാ​ന്ധിയുടെ എം.പി സ്ഥാനം തെറിച്ചത്. രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഇനി ലോക്‌സഭയിൽ പ്രവേശിക്കാനോ നടപടകളിൽ ഭാഗമാകാനോ സാധിക്കില്ല.

മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്‌തിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കിയുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.

അതേസമയം, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പറയുന്നത്, ഒരു പാർലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ശിക്ഷിക്കപ്പെട്ടാൽ, അയാൾ അയോഗ്യരാക്കപ്പെടുമെന്നാണ്. തീരുമാനം തെറ്റായിപ്പോയെന്ന് വിജ്ഞാപനത്തോട് പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button