KeralaLatest NewsNews

ഭാര്യയുടെ അവിഹിതബന്ധം, എപ്പോഴും ദേഷ്യം കാണിക്കുന്നതു കൊണ്ടാണ് മറ്റൊരു ബന്ധത്തില്‍ ആശ്വാസം കണ്ടതെന്ന് സ്ത്രീ: കുറിപ്പ്

ഒരു ബന്ധം നിലനിന്നു പോകാന്‍ വേണ്ട ഏറ്റവും പ്രധാനമായ ഘടകം

കൊച്ചി: ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്നും മകളെ തന്നില്‍ നിന്ന് അകറ്റിയെന്നും പറഞ്ഞു ബൈജു രാജു എന്ന പ്രവാസി ഭാര്യയുടെ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ആത്മഹത്യ ചെയ്ത സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. ഇവരുടെ ബന്ധത്തിലെ ടോക്സിസിറ്റിയുടെ ഭീകരതയെക്കുറിച്ച്‌ അഞ്ജലി ചന്ദ്രന്‍ എന്ന യുവതിയെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

READ ALSO: ഭര്‍ത്താവുള്ള സ്ത്രീയല്ലേ, ഇങ്ങനെയൊക്കെ ചെയ്‌തതില്‍ എന്താണിത്ര കുഴപ്പം: ലേഡീസ്‌റ്റാഫിന്റെ പ്രതികരണത്തെക്കുറിച്ച് യുവതി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു ബന്ധം നിലനിന്നു പോകാന്‍ വേണ്ട ഏറ്റവും പ്രധാനമായ ഘടകം എന്താണെന്നു നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഇനി, ദാമ്ബത്യജീവിതം വളരെ നല്ല രീതിയില്‍ നിലനിന്നു പോകാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നതു കൂടി ആലോചിച്ചു നോക്കാമോ?

ആദ്യത്തെ ചോദ്യത്തിനു ബന്ധങ്ങള്‍ക്കനുസരിച്ചു പല ഘടകങ്ങള്‍ ഉത്തരം കിട്ടുന്നവരുണ്ടാവും. പക്ഷേ, രണ്ടാമത്തെ ചോദ്യത്തിനു നേരെ ‘സ്നേഹവും പരസ്പര ബഹുമാനവും’ എന്ന ഉത്തരം മാത്രമേ നമുക്ക് എഴുതിച്ചേര്‍ക്കാന്‍ കഴിയുകയുള്ളൂ. എനിക്ക് സ്നേഹമുണ്ട് എന്നു പറയുന്നതല്ലാതെ അപ്പുറത്തെ വ്യക്തിക്ക് അതു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ സ്വന്തം സ്നേഹത്തെ നിര്‍വചിക്കാന്‍ എത്ര പേര്‍ക്കു കഴിയുന്നുണ്ട്? മിക്കവര്‍ക്കും പലപ്പോഴും വേണ്ടിവരിക പണമോ കാറോ ഒന്നുമാവില്ല. പകരം ഇത്തിരി സമയം ഉള്ളു തുറന്നു സന്തോഷിക്കാന്‍ കിട്ടുന്ന അവസരമാകും. ഇതു സ്വന്തം വീടുകള്‍ക്കുള്ളില്‍ തന്നെ ലഭിക്കുന്ന അന്തരീക്ഷം എത്ര പേര്‍ക്കു സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട് എന്നതാണു ചോദ്യം? ഇന്‍ബോക്സുകള്‍ കയറി നിരങ്ങി കഴിച്ചോ, കുളിച്ചോ, ഉറങ്ങിയോ, സംസാരിച്ചാലോ എന്നു ചോദിക്കുന്ന ആളുകളില്‍ എത്ര പേര്‍ ഇതു സ്വന്തം വീടുകളില്‍ ചെയ്യാറുണ്ട്? സ്നേഹരാഹിത്യം എന്നത് ഉച്ചരിക്കാന്‍ പോലും അവകാശമില്ലാത്ത സ്ത്രീകളുണ്ട്. സ്വന്തം ഭര്‍ത്താവിനോടു കുറച്ചു നേരം എന്റെ കൂടെ ഇരിക്കുമോ എന്നു ചോദിച്ചാല്‍ നിനക്കു വേറെ പണിയില്ലേ എന്നു തിരികെ ചോദ്യം ചെയ്യുന്നവരുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഭാര്യയ്ക്കു മറ്റൊരു പുരുഷനോടുള്ള ബന്ധത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ഒരു പുരുഷന്റെ ആത്മഹത്യാ വീഡിയോയോടൊപ്പം ഭാര്യയുടെ ബന്ധം കണ്ടുപിടിച്ചതു തെളിവായി കാണിക്കുന്ന വീഡിയോ കൂടി മരിച്ച വ്യക്തി പോസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ ഇടയിലെ ബന്ധത്തിലെ ടോക്സിസിറ്റിയുടെ ഭീകരത വെളിപ്പെടുത്താന്‍ ആ വീഡിയോ മാത്രം മതി. വീണ്ടും വീണ്ടും അയാള്‍ പറയുന്ന ഒരു വാചകത്തിലാണ് ആദ്യം മനസ്സുടക്കിയത്. ‘ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം വള്ളിയും പുള്ളിയും തെറ്റാതെ പറയണം’ എന്ന് ആവര്‍ത്തിച്ചു പറയുന്ന ആ മനുഷ്യന്‍ നടത്തിയ ചോദ്യവിസ്താരങ്ങള്‍ ..

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അവര്‍ പറയുന്ന മറുപടിയാണ് ഏറ്റവും സങ്കടകരം. ‘എനിക്കു പേടിയാണ്, എന്നോട് എപ്പോഴും ദേഷ്യം കാണിക്കുന്നതു കൊണ്ടാണ് മറ്റൊരു ബന്ധത്തില്‍ ആശ്വാസം കണ്ടത് എന്‍്റെ തെറ്റാണ്’ എന്നതാണ് അവരുടെ മറുപടി. ഒരു ബന്ധത്തില്‍, അതും ദാമ്ബത്യത്തില്‍ സ്വന്തം പങ്കാളിയെ പേടിച്ചു ജീവിക്കുകയാണ് എന്നത് അവര്‍ തുറന്നുപറയുമ്ബോള്‍ അവര്‍ അയാളെ മാത്രമല്ല പേടിക്കുന്നത്, തനിക്കു ചുറ്റുമുള്ള സമൂഹത്തിനെക്കൂടിയാണ്. എത്ര ടോക്സിക് ആയ ആളാണ് പങ്കാളിയെങ്കിലും ഒരു വാക്കു പോലും മറുത്തു പറയാതെ സഹിക്കണം സ്ത്രീകള്‍ എന്നതാണ് നമ്മുടെ സമൂഹം ഇത്രയും കാലം പറയാതെ പറഞ്ഞുവച്ചത്. സ്വന്തം പങ്കാളിയോട് ഒരു തമാശയോ, ഇനി അയാളുടെ സ്വഭാവത്തില്‍ മാറ്റേണ്ട എന്തെങ്കിലും ഉണ്ടെങ്കില്‍ അതോ പോലും തുറന്നുപറയാന്‍ പേടിക്കുന്ന സ്ത്രീകളിലെ അവസാനത്തെ ആളല്ല അവര്‍. ഇതേ പോലെ എന്തു പറഞ്ഞാലാണ് പൊട്ടിത്തെറിക്കുക എന്നറിയാത്ത ഒരുപാട് ടോക്‌സിക്ക് പ്രഷര്‍ കുക്കര്‍ പുരുഷന്മാര്‍ ഉണ്ട്.

സൗഹൃദ സദസ്സുകളില്‍ ഭാര്യയെ അവളുടെ സ്വഭാവത്തിലെ ഒരു കാര്യം പറഞ്ഞു കളിയാക്കി ചിരിക്കാന്‍ മുന്നിട്ടിറങ്ങുന്ന പുരുഷന്മാരില്‍ എത്ര പേര്‍ സ്വന്തം സ്വഭാവത്തിലെ ഒരു കാര്യം ഭാര്യ ആരോടെങ്കിലും പറഞ്ഞു എന്നറിഞ്ഞാല്‍ സംയമനത്തോടെ കേട്ട് അതു തിരുത്താന്‍ നോക്കും എന്നതു സ്വയം ചോദിക്കേണ്ട ചോദ്യമാണ്. സ്വന്തം പങ്കാളിയോട് എപ്പോള്‍, എന്തു പറയണം എന്നത് ആലോചിച്ചു റിഹേഴ്സല്‍ നടത്തി വിഷയം അവതരിപ്പിക്കുന്ന വീടുകളുണ്ട്. ഭാര്യവീട്ടുകാരെ പരസ്യമായി ഭാര്യയുടെ മുന്നില്‍ വച്ചു കുറ്റം പറയുന്ന ആണുങ്ങള്‍ സ്വന്തം വീട്ടുകാരുടെ കുറ്റം ഭാര്യ രഹസ്യമായി സൂചിപ്പിച്ചാല്‍ പോലും ഒരക്ഷരം എന്റെ വീട്ടുകാരെപ്പറ്റി പറയരുത് എന്നു പറഞ്ഞ് അവളെ നിശ്ശബ്ദയാക്കും. ആണ്‍വീട്ടുകാരും ഭര്‍ത്താവും വിമര്‍ശനത്തിന് അതീതരാണ് എന്ന ചീഞ്ഞ ചിന്ത കൊണ്ടുതന്നെയാണ് നമ്മുടെ വീടുകളില്‍ പലപ്പോഴും തുറന്ന ചര്‍ച്ചകള്‍ നടക്കാത്തത്.

മനുഷ്യന് തങ്ങളെ കേള്‍ക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഇടങ്ങളില്‍ കിട്ടുന്ന കംഫര്‍ട്ട് സ്വന്തം പങ്കാളികളില്‍ നിന്നു കിട്ടാത്തതുകൊണ്ടു തന്നെയാണു പലപ്പോഴും അവര്‍ മറ്റു ബന്ധങ്ങളില്‍ ചേക്കേറുന്നത്. ശരിതെറ്റുകള്‍ ആപേക്ഷികമാകുന്നത് ബന്ധങ്ങളുടെ ഉള്ളില്‍ രണ്ടു വ്യക്തികള്‍ കടന്നുപോകുന്ന അവസ്ഥകള്‍ കൊണ്ടു തന്നെയാണ്. അതില്‍ മൂന്നാമതൊരാള്‍ക്ക് അഭിപ്രായം പറയാന്‍ പോലും അവകാശമില്ല എന്നതാണ് വസ്തുത. ഭയപ്പെടുത്തിയും ആക്രമിച്ചും തങ്ങളുടെ ചൊല്‍പ്പടിക്ക് പങ്കാളിയെ നിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ നൂറില്‍ ഒരംശം പരിശ്രമം മതി അവരുടെ നല്ലൊരു സുഹൃത്തായി കൂടെ നിന്ന് സ്വന്തം ജീവിതം മനോഹരമാക്കാന്‍ എന്നത് ആരും തിരിച്ചറിയുന്നില്ല.

‘അവനെക്കൊണ്ടു വേറെ പ്രശ്നമൊന്നുമില്ല, അവളെ പൊന്നു പോലെയാണ് നോക്കുന്നത്. പക്ഷേ, പെട്ടെന്നു ദേഷ്യപ്പെടും’ എന്നത് വളരെ നോര്‍മല്‍ ആയി പറയുന്ന ആളുകള്‍ പറയാതെ പറയുന്നത് അവനൊരു ടോക്‌സിക് മനുഷ്യന്‍ ആണ് എന്നതു തന്നെയാണ്. പുറത്തുള്ള ആളുകളോട് ഇതേപോലെ ദേഷ്യപ്പെടാന്‍ പോയാല്‍ അവരുടെ പ്രതികരണം എന്താകും എന്നു ചിന്തിക്കുന്ന പലരും സ്വന്തം ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നില്‍ കാഴ്ചവയ്ക്കുന്ന പ്രകടനം വളരെ നിലവാരം കുറഞ്ഞതാണ്. പക്ഷേ, ഈ ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോയാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പേടിച്ചിട്ടാണ് പലരും അതില്‍ തുടരുന്നത്. ചിലരാകട്ടെ തങ്ങളെ സ്നേഹിക്കുന്നു എന്നു തോന്നുന്ന ഇടങ്ങളില്‍ സമാധാനം കണ്ടെത്തുകയും ചെയ്യും. അച്ഛനെ പേടിക്കുന്ന മക്കളും ഭര്‍ത്താവിനെ പേടിക്കുന്ന ഭാര്യയും ഇല്ലാതായാല്‍തന്നെ കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പു വര്‍ദ്ധിക്കും.

ഇത്തരം ഒച്ചയും വിളിയും സ്ഥിരമുള്ള വീടുകളില്‍ വളരുന്ന കുട്ടികളും ഭാവിയില്‍ ഇതേ സ്വഭാവ വൈകൃതം പങ്കാളികളോടും കുട്ടികളോടും കാണിക്കും. തിരുത്തേണ്ട ഇത്തരം വൈകൃതങ്ങള്‍ സ്വയം തിരുത്തി പങ്കാളിക്കും കുട്ടികള്‍ക്കും സമാധാനം കൊടുക്കുന്നതു വഴി സ്വന്തം ജീവിതത്തില്‍ കൂടി സമാധാനം കൊണ്ടുവരാന്‍ കഴിയണം. ഒരു ജീവിതത്തില്‍ പേടിയോടെ രണ്ടു പേര്‍ ഒരുമിച്ചു കഴിയുന്നതില്‍ പ്രണയവും പരസ്പര ബഹുമാനവും മഷിയിട്ടാല്‍ കാണാന്‍ കിട്ടില്ല. തുറന്ന ചര്‍ച്ചകളും തിരുത്തലുകളും വഴി തന്നെയാണ് വ്യക്തികളും ബന്ധങ്ങളും കുറച്ചു കൂടി മികച്ചതാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button