Latest NewsKeralaNews

നെഹ്‌റുവിന്റെ ഇന്ത്യയാണോ വേണ്ടത് അതോ ആർ.എസ്.എസിന്റെ രാമരാജ്യമോ? – ഇന്ത്യയെ ഷേപ്പ് ചെയ്യാൻ പോകുന്നത് ഇതാണെന്ന് സംവിധായകൻ

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ തീരുമാനത്തിൽ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. കോൺഗ്രസിന് പിന്തുണയുമായി സി.പി.എമ്മും രംഗത്തുണ്ട്. വിഷയത്തിൽ ഭാവി ഇന്ത്യ എന്താകുമെന്ന നിരീക്ഷണം നടത്തുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. നെഹ്‌റുവിന്റെ രാഷ്ട്ര സങ്കൽപം അടിപതറുന്ന അവസ്ഥയിലാണ് ഇന്നുള്ളത് എന്ന് സമ്മതിക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ഇന്ത്യ രൂപം കൊണ്ടശേഷം ആദ്യമായി ഈ രാജ്യം ഒരു കൃത്യമായ രാഷ്ട്രീയ ചോദ്യം നേരിടുകയാണ്. നെഹ്‌റുവിന്റെ ഇന്ത്യയാണോ വേണ്ടത് അതോ രാഷ്ട്രീയ സ്വയം സേവക സംഘം വിഭാവനം ചെയ്യുന്ന രാമ രാജ്യമാണോ വേണ്ടത് എന്നതാണത്. ഇടത്, വലത്, ചുവപ്പ്, പച്ച എന്നൊക്കെ രാഷ്ട്രീയ വിഭജനങ്ങൾ നമുക്കുണ്ടെങ്കിലും ആശയപരമായ എന്ത് വിയോജിപ്പാണ് ഉള്ളതെന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് കാണാം’, സനൽ കുമാർ വ്യക്തമാക്കുന്നു.

സനൽ കുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്ത്യ എന്ന രാജ്യം നെഹ്‌റു വിഭാവനം ചെയ്ത രീതിയിലാണ് നടപ്പാക്കപ്പെട്ടത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിജിയാണ് എന്നൊക്കെ കുട്ടികളെ പഠിപ്പിക്കാൻ ഉപയോഗിച്ചതല്ലാതെ രാഷ്ട്ര നിർമാണത്തിൽ ഗാന്ധിയുടെ വീക്ഷണങ്ങൾ ഒന്നും ചെവിക്കൊണ്ടില്ല. സത്യം എന്നൊരു വസ്തുവിന്റെ മാത്രം ബലത്തിൽ ലക്ഷക്കണക്കിന് ജനങ്ങളെ തനിക്ക് പിന്നിൽ അണിനിരത്താൻ ഗാന്ധിജിക്ക് കഴിഞ്ഞതിന്റെ മാജിക് ആർക്കും ഇനിയും മനസിലായിട്ടുമില്ല. ഗാന്ധി ജീവിച്ചിരുന്നാൽ സത്യത്തിന്റെ വിലയും ബലവും ഒരിക്കൽ കൂടി തെളിയിക്കാൻ അദ്ദേഹത്തിന് കഴിയും എന്നറിയാവുന്നവർ അവരുടെ സ്വപ്നങ്ങൾക്ക് ആ വൃദ്ധൻ തടസ്സമാകുമെന്ന് മനസിലാക്കി. കൊന്നു. ഗാന്ധിയുടെ ‘രാമരാജ്യം’ എന്ന വാക്കുമാത്രമെടുത്ത് അദ്ദേഹത്തിന്റെ ആശയങ്ങളിൽ നിന്നും വ്യത്യസ്തവും വിരുദ്ധവുമായ ഒരു ‘രാമരാജ്യം’ കെട്ടിപ്പടുക്കാനുള്ള മത്സരം ഏതാണ്ട് അതിന്റെ പരിസമാപ്തിയോട് അടുക്കുന്നു. നെഹ്‌റുവിന്റെ രാഷ്ട്ര സങ്കൽപം അടിപതറുന്ന അവസ്ഥയിലാണ് ഇന്നുള്ളത് എന്ന് സമ്മതിക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. ഇന്ത്യ രൂപം കൊണ്ടശേഷം ആദ്യമായി ഈ രാജ്യം ഒരു കൃത്യമായ രാഷ്ട്രീയ ചോദ്യം നേരിടുകയാണ്. നെഹ്‌റുവിന്റെ ഇന്ത്യയാണോ വേണ്ടത് അതോ രാഷ്ട്രീയ സ്വയം സേവക സംഘം വിഭാവനം ചെയ്യുന്ന രാമ രാജ്യമാണോ വേണ്ടത് എന്നതാണത്. ഇടത്, വലത്, ചുവപ്പ്, പച്ച എന്നൊക്കെ രാഷ്ട്രീയ വിഭജനങ്ങൾ നമുക്കുണ്ടെങ്കിലും ആശയപരമായ എന്ത് വിയോജിപ്പാണ് ഉള്ളതെന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് കാണാം. എന്നാൽ ഇപ്പോൾ മുന്നിൽ വന്നിട്ടുള്ള ഈ സാഹചര്യം ഗൗരവപൂർവം ആലോചിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ നെടുകെ പിളർപ്പ് ഈ രാജ്യത്തിന് ഗുണകരമാണെന്ന് കാണാം. ഇതുവരെ ഇന്ത്യയിൽ ഇല്ലായിരുന്ന ഒന്ന്, പ്രതിപക്ഷം (പ്രതിപക്ഷത്തുള്ളികളല്ല) എന്ന ജനാധിപത്യത്തിലെ അനിവാര്യത ഈ രാജ്യത്തിന് ഇപ്പോൾ ഉണ്ടായിരിക്കുന്നു. എന്തായാലും ഒരുകാര്യം എനിക്ക് ഉറപ്പാണ് നെഹ്‌റുവിന്റെ രാഷ്ട്രവിഭാവനം അതേ രീതിയിൽ ഇനി മുന്നോട്ട് പോകില്ല. ഗാന്ധിജിയുടെ രാമരാജ്യവും RSS ന്റെ രാമരാജ്യവും തമ്മിലുള്ള സംഘർഷമായിരിക്കും ഇനി ഇന്ത്യയെ ഷേപ്പ് ചെയ്യാൻ പോകുന്നത്. സത്യമേവ ജയതേ!

shortlink

Related Articles

Post Your Comments

Related Articles


Back to top button