Latest NewsIndiaNews

യുവ ഐപിഎസുകാരന്‍ കട്ടിംഗ് പ്ലയര്‍ കൊണ്ട് പല്ലുകള്‍ പിഴുതെടുത്തുവെന്നും രണ്ട് പേരുടെ വൃഷണം ചതച്ചുവെന്നും ആരോപണം

ചെന്നൈ: തമിഴ്നാട്ടിലെ അംബാസമുദ്രം പൊലീസ് ഡിവിഷനിലാണ് സംഭവം. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എഎസ്പി) ബല്‍വീര്‍ സിംഗ് ഐപിഎസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട് പിടികൂടിയ 10 ബന്ധുക്കളോടാണ് ബല്‍വീര്‍ സിംഗ് ക്രൂരമായി പെരുമാറിയത്.

Read Also: ‘രണ്ട് പുരുഷന്മാരിൽ നിന്നുമാണ് അതിക്രമമുണ്ടായത്’: ആറാം വയസിൽനേരിടേണ്ടിവന്ന അതിക്രമം വിവരിച്ച് കളക്ടർ ദിവ്യ എസ് അയ്യർ

ചേരന്‍മഹാദേവി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി തിരുനെല്‍വേലി കളക്ടര്‍ കെ.പി കാര്‍ത്തികേയന്‍ അറിയിച്ചു. ഐഐടി ബോംബെയില്‍ നിന്ന് ബിഇ ബിരുദം നേടിയ 2020 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ബല്‍വീര്‍ സിംഗ്. 2022 ഒക്ടോബര്‍ 15നാണ് ഇദ്ദേഹം അംബാസമുദ്രം പൊലീസ് ഡിവിഷനില്‍ എഎസ്പിയായി ചുമതലയേറ്റത്.

പ്രണയബന്ധത്തെ ചൊല്ലിയുള്ള സംഘര്‍ഷം, പണം കടം കൊടുക്കല്‍, സിസിടിവി ക്യാമറകള്‍ തകര്‍ക്കല്‍, വിവാഹ തര്‍ക്കം തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് 10 യുവാക്കളെയും അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സിങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ച് തുടക്കം മുതല്‍ അറിയാമായിരുന്നുവെന്നും അവര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ യുവാക്കള്‍ക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടി വരില്ലായിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അംബാസമുദ്രം പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്നെയും രണ്ട് സഹോദരന്മാരെയും ഉപദ്രവിച്ചുവെന്നും പല്ല് പറിച്ചെടുത്ത് പീഡിപ്പിച്ചുവെന്നും ചെല്ലപ്പ എന്ന യുവാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തിയിരുന്നു. യൂണിഫോം ഊരിയ ശേഷം
ഷോര്‍ട്ട്സും ഗ്ലൗസും ധരിച്ചുകൊണ്ടാണ് ക്രൂര മര്‍ദനം ആരംഭിച്ചതെന്ന് ചെല്ലപ്പയും സഹോദരങ്ങളും വെളിപ്പെടുത്തിയിരുന്നു. ഇവര്‍ ശിവന്തിപുരത്ത് മട്ടണ്‍ സ്റ്റാള്‍ നടത്തുന്നവരാണ്.

വിവാഹത്തെച്ചൊല്ലിയാണ് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ ചേരി തിരിഞ്ഞ് തര്‍ക്കമുണ്ടായത്. തുടര്‍ന്നാണ് അംബാസമുദ്രം പൊലീസ് സ്റ്റേഷനില്‍ 10 പേരെ കൊണ്ടുവന്നത്. പല്ലുകള്‍ പറിച്ചെടുത്തുവെന്നും വായില്‍ മണ്ണ് തിരുകിക്കയറ്റിയ ശേഷം ചുണ്ടുകള്‍ അടിച്ചു പൊട്ടിച്ചുവെന്നും പരുക്കേറ്റവര്‍ വെളിപ്പെടുത്തുന്നു. തന്റെ മൂന്ന് പല്ലുകളാണ് പ്ലെയര്‍ കൊണ്ട് പറിച്ചെടുത്തതെന്ന് മര്‍ദനമേറ്റ ഒരാള്‍ പറഞ്ഞു.

ഈയിടെ വിവാഹം കഴിഞ്ഞ മാരിയപ്പന്‍ എന്നയാളെ മര്‍ദിക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പമുള്ളവര്‍ യുവ ഐപിഎസുകാരനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നവ വരനാണെന്നും അയാളെ മര്‍ദിക്കരുതെന്നും ബന്ധുക്കള്‍ കേണപേക്ഷിച്ചിട്ടും സിങ് മര്‍ദനം തുടരുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ വൃഷണം അടിച്ച് ചതച്ച് കൊടും ക്രൂരത
കാട്ടിയത്. ആക്രമണത്തില്‍ മാരിയപ്പന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button