Latest NewsKeralaNews

ഒന്നരവയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊന്ന കേസ്: വിചാരണ നടപടി തുടങ്ങി, കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

തലശേരി: പാനൂര്‍ പാത്തിപ്പാലത്ത് ഒന്നരവയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ (ഒന്ന്) വിചാരണ നടപടി തുടങ്ങി. പ്രതി പത്തായക്കുന്ന് കുപ്പിയാട്ട് ഹൗസില്‍ കെ പി ഷിജുവിനെ (ഷിനു-42) ജഡ്ജി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഭാര്യയെയും ഒന്നര വയസുകാരിയായ മകള്‍ അന്‍വിതയെയുമാണ് പ്രതി പുഴയിലേക്ക് തള്ളിയിട്ടത്. ഒഴുക്കില്‍നിന്ന് രക്ഷപ്പെട്ട ഭാര്യ സോന സുരേഷ് (32) ആണ് പരാതിക്കാരി.

2021 ഒക്ടോബര്‍ 15ന് വൈകിട്ട് ആറിനാണ് പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് മൊകേരി പാത്തിപ്പാലം ചാര്‍ത്തന്‍മൂല ചെക്ക് ഡാമിന് പരിസരത്ത് ഭാര്യയെയും മകളെയും ബൈക്കില്‍ കൊണ്ട് വന്ന പ്രതി ഇരുവരെയും പുഴയിലേക്ക് തള്ളിയിട്ടത്. സംഭവത്തിന് ശേഷം ഷിജുവിനെ കാണാതായിരുന്നു. മട്ടന്നൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ആത്മഹത്യാശ്രമം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.

പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റി ഭാഗത്തെ പുഴയിൽ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കിൽ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് വ്യക്തമായിരുന്നു.

ഭാര്യയെയും മകളെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പുഴയിലേക്ക് തള്ളിയിട്ടതെന്നാണ് കേസ്. അന്വേഷണം പൂര്‍ത്തിയാക്കി 2022 ജനുവരി അഞ്ചിനാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ 122 സാക്ഷികളുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാര്‍ ഹാജരായി. കോടതി ജീവിനക്കാരനായ ഷിജു ലോട്ടറിയുടെയും ഓണ്‍ ലൈന്‍ ചൂതാട്ടത്തിന്‍റെയും അടിമയാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതുകാരണം ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു. സോനയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ ചോദിച്ചിട്ടു നല്‍കാത്തതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button