Latest NewsIndia

പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ചോദ്യം ചെയ്ത ബിജെപി എംപിയെ പോലീസ് കസ്റ്റഡിയിലെടുത്തു: തെലങ്കാനയിൽ കനത്ത പ്രതിഷേധം

കരിംനഗർ: തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാറിനെ തടവിൽ വെച്ചു തെലങ്കാന പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നെയാണ് നടപടി. ബുധനായ്ച രാത്രിയാണ് കരിംനഗറിലെ വസതിയിൽ അദ്ദേഹത്തെ തടവിൽ വെച്ചത്. തുടർന്ന് എംപിയുടെ കരിംനഗറിലെ വസതിയിൽ എത്തിയ പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

ബന്ദി സഞ്ജയുടെ അനുകൂലികളും പാർട്ടി പ്രവർത്തകരും പൊലീസിനെ തടയാൻ ശ്രമിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസുകാർ അദ്ദേഹത്തെ വലിച്ചിഴയ്ക്കുകയും തുടർന്ന് പൊലീസ് ജീപ്പിലേക്ക് കയറ്റുകയും ചെയ്തു. നൽഗൗണ്ട ജില്ലയിലെ ബൊമ്മല രാമറാം പൊലീസ് സ്റ്റേഷനിലേക്കാണ് ബന്ദി സഞ്ജയ് കുമാറിനെ കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയെ അർധരാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും കരിംനഗറിലെ വസതിയിൽ നിന്ന് നിയമവിരുദ്ധമായാണ് തടവിലാക്കിയതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമേന്ദർ റെഡ്ഡി പറഞ്ഞു.

നിയമനടപടികൾ രാവിലെ ആരംഭിക്കേണ്ടതായിരുന്നെന്ന് പ്രേമേന്ദർ റെഡ്ഡി പറഞ്ഞു. രാത്രിയിൽ ഒരു പാർലമെന്റ് അംഗത്തിനെതിരെ ഈ നടപടിയുടെ ആവശ്യം എന്തായിരുന്നു? അദ്ദേഹത്തിനെതിരെയുളള കേസെന്താണ്? അവർ ഞങ്ങളോട് ഒന്നും തന്നെ പറയുന്നില്ല. അവർ അദ്ദേഹത്തെ ഭോങ്കിറിലേക്ക് കൊണ്ടുപോകുന്നു. എന്തിനാണ് അദ്ദേഹത്തെ അവിടേക്ക് കൊണ്ടുപോവുന്നത്? പ്രേമേന്ദർ റെഡ്ഡി ചോദിച്ചു. ഈ നടപടിക്ക് പിന്നിലെ കാരണം ചോദ്യപേപ്പർ ചോർച്ച കേസിൽ കെസിആർ സർക്കാരിനെതിരെ തങ്ങൾ ശബ്ദമുയർത്തുന്നതാണെന്നും ഇതെല്ലാം ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം ആരോപിച്ചു.

ബന്ദി സഞ്ജയെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തെലങ്കാന ബിജെപി നേതാക്കൾ അറിയിച്ചു. മറ്റ് വികസന പദ്ധതികൾ ആരംഭിക്കുന്നതിനൊപ്പം സെക്കന്തരാബാദിൽ നിന്ന് തിരുപ്പതിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ എട്ടിന് തെലങ്കാന സന്ദർശിക്കും. ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കാനാണ് അധ്യക്ഷനെ തന്നെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചതെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button