KeralaLatest NewsNews

അട്ടപ്പാടി മധുവധക്കേസ്: പതിമൂന്ന് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതി ഹുസൈനിന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. നാലാം പ്രതിയും 11-ാം പ്രതിയും ഒഴികെയുള്ള പതിമൂന്ന് പ്രതികൾക്കും 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും 5000 രൂപ അധികവും പിഴയും വിധിച്ചു. മണ്ണാര്‍ക്കാട് സെപ്ഷ്യല്‍ കോടതിയുടേതാണ് ശിക്ഷാ വിധി. പിഴ അടച്ചില്ലെങ്കിൽ തടവ് കാലം കൂടും. ഐ പി സി 304,352 143 പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമം തടയുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

2018 ഫെബ്രുവരി 22നായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ സാധാനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവരികയും ആള്‍കൂട്ടവിചാരണ നടത്തി തല്ലിക്കൊല്ലുകയും ചെയ്തത്. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയില്‍ കുറ്റപത്രം നല്‍കി. 2022 മാര്‍ച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. കൂറുമാറ്റത്തിന്റെ തുടർക്കഥയാണ് മധു വധക്കേസ് സാക്ഷ്യം വഹിച്ചത്. നൂറിലേറെ സാക്ഷികളുണ്ടായിരുന്ന കേസിൽ 24 പ്രധാന സാക്ഷികളാണ് വിചാരണാ ഘട്ടത്തിൽ കൂറുമാറിയത്.

കേസ് നടത്തുന്ന സര്‍ക്കാര്‍ വക്കീലിന് ഫീസ് പോലും കൊടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന വ്യാപകമായ ആശങ്കയും ഉണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് പതിനാല് പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button