Latest NewsIndia

മന്ത്രി എ.കെ. ശശീന്ദ്രന്റെ പാർട്ടിയും ബിജെപി പാളയത്തിലേക്ക്! കേരളത്തിൽ എംഎൽഎ ഉണ്ടാവുമോ?

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ രാഷ്ട്രീയ കരുനീക്കങ്ങളുടെ പ്രകമ്പനം കേരള രാഷ്ട്രീയത്തിലും ചെറുചലനങ്ങൾ സൃഷ്ടിക്കും. എൻസിപി നേതാവ് അജിത് പവാറും എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ മകളും ബിജെപി പാളയത്തിലേക്ക് ചേക്കാറാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ സത്യമായാൽ കേരളത്തിലെ എൻസിപി എന്ത് നിലപാടെടുക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അടുത്ത 15 ദിവസത്തിനുള്ളിൽ ദേശീയ രാഷ്ട്രീയത്തിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് വ്യക്തമാക്കിയതോടെ എൻസിപി അപ്പാടെ ബിജെപി പാളയത്തിലേക്ക് പോകും എന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെ വന്നാൽ കേരളത്തിൽ ഒരു മന്ത്രിയും രണ്ട് എംഎൽമാരുമുള്ള കേരള ഘടകം എന്ത് നിലപാടെടുക്കും എന്നതും നിർണായകമാകും. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപി ബിജെപിയിൽ ലയിക്കുമെന്നും അതല്ല, പാർട്ടി മൊത്തത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാ​ഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

പാർട്ടി ദേശീയ അധ്യക്ഷൻ ശരത്പവാറിന്റെ മൗനവും വലിയ ചർച്ചയായിട്ടുണ്ട്. എൻസിപിയുടെ 53 എംഎൽഎമാരിൽ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. 40 എംഎൽഎമാരുടെ ഒപ്പ് അജിത് പവാർ ശേഖരിച്ചു വെച്ചതായി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. അനുയോജ്യമായ സമയത്ത് എംഎൽഎമാരുടെ ഒപ്പുകൾ അടക്കം ഗവർണർക്ക് കൈമാറാനാണ് അജിത് പവാർ ക്യാമ്പിന്റെ തീരുമാനമെന്നാണ് വിവരം.

വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും കുട്ടനാട് എംഎൽഎ തോമസ് കെ തോമസുമാണ് കേരളത്തിലെ എൻസിപി എംഎൽഎമാർ. എൻസിപി അപ്പാടെ ബിജെപി പാളയത്തിലേക്ക് ചേക്കേറുകയാണെങ്കിൽ മന്ത്രിസ്ഥാനം നിലനിർത്താൻ ശശീന്ദ്രൻ ഇടത് മുന്നണിയിൽ തന്നെ തുടരാനാണ് സാധ്യത. അതേസമയം, ദേശീയ രാഷ്ട്രീയത്തിൽ ലഭിക്കാവുന്ന സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ട് തോമസ് കെ തോമസ് ദേശീയ നേതൃത്വത്തിനൊപ്പം നിൽക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.

അങ്ങനെയെങ്കിൽ സമീപ ഭാവിയിൽ തന്നെ കേരള നിയമസഭയിൽ ബിജെപിക്കും പ്രാതിനിധ്യമുണ്ടാകും. എ കെ ശശീന്ദ്രൻ പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇടത് മുന്നണിക്കൊപ്പം തുടരുന്ന നില വന്നാൽ ഇടത് മുന്നണിക്ക് വലിയ പ്രതിസന്ധിയുണ്ടാകില്ല.

അതേസമയം, തോമസ് കെ തോമസ് പാർട്ടി ദേശീയ നേതൃത്വത്തിനൊപ്പം എൻഡിഎയുടെ ഭാ​ഗമായാൽ കേരള നിയമസഭയിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് പ്രാതിനിധ്യമാകും. ക്രിസ്ത്യൻ മതവിഭാ​ഗത്തെ കൂടെ നിർത്താനുള്ള ബിജെപി ശ്രമങ്ങൾക്ക് തോമസ് കെ തോമസിന്റെ സാന്നിധ്യവും ​ഗുണം ചെയ്യുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ എൻസിപിയെ പിളർത്താനുള്ള ശ്രമങ്ങൾക്കാകും സിപിഎമ്മും പിന്തുണ നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button