Latest NewsIndia

കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ബെംഗളൂരു : ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ കര്‍ണാടകയിലെ 11.04 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

നേരത്തെ ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ കാര്‍ത്തിയേയും പിതാവ് പി ചിദംബരത്തിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎന്‍എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്.

ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ.അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സര്‍ക്കാരില്‍ പി ചിദംബരമായിരുന്നു ധനമന്ത്രി.

ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും പി ചിദംബരമാണെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതേ കേസില്‍ കാര്‍ത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്. അഴിമതി നടക്കുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ എന്ന ടെലിവിഷന്‍ കമ്പനിയുടെ ഉടമകളായിരുന്നത് പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി ദമ്പതികളാണ്. സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിലാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട് ഇരുവരും കാര്‍ത്തി ചിദംബരത്തിനും പി ചിദംബരത്തിനുമെതിരെ മൊഴിയും നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button