KeralaLatest NewsNews

സ്റ്റുഡന്റ് മൈഗ്രേഷൻ അതോറിറ്റി രൂപീകരണം പരിഗണനയിൽ: പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: വിദേശ രാജ്യത്തേയ്ക്ക് പഠനത്തിന് പോകുന്നവർക്ക് സമഗ്രമായ മാർഗനിർദ്ദേശം നൽകുന്നതിനും സുരക്ഷിതമായ തൊഴിൽ കുടിയേറ്റത്തിന് പ്രാപ്തരാക്കുന്നതിനുമായി നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് മൈഗ്രേഷൻ അതോറിറ്റി രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് നോർക്ക റൂട്ട്‌സ് റസന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ.

വിദേശ സർവകലാശാല എന്ന് കേൾക്കുമ്പോൾ തന്നെ അതിനു പുറകെ പോകാതെ അവയുടെ വിശദാംശങ്ങളും പഠനനിലവാരം മനസിലാക്കി വിദ്യാർത്ഥികളെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേക സ്റ്റുഡൻസ് മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്ററും നോർക്ക ആരംഭിക്കും. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് മാപ്പിങ്ങ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാ വിദ്യാർത്ഥികളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ കണക്ക് പ്രകാരം ഓരോ വർഷവും 68 ശതമാനത്തിനും വർദ്ധനവാണ് ഉണ്ടാകുന്നത്. ഇത്രയധികം വിദ്യാർത്ഥികൾ പോകുമ്പോൾ പാലിക്കേണ്ട രീതികളെക്കുറിച്ച് തികഞ്ഞ അജ്ഞതയാണ് നമുക്കുള്ളത്. കേരളത്തിലെ രക്ഷിതാക്കൾ ഏറ്റവും വലിയ നിക്ഷേപവുമായി കണക്കാക്കുന്നത് സ്വന്തം മക്കളുടെ വിദ്യാഭ്യാസമാണ്. എന്നാൽ ആ പ്രതീക്ഷയുടെ ഭാഗമായി പോകുന്ന വിദ്യാർത്ഥികൾ ചെന്നെത്തുന്ന ചതിക്കുഴികൾ ഏതൊക്കെയെന്ന് വേണ്ടത്ര മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഇതിന് നോർക്ക സഹായകരമായി മാറുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Read Also: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: വി ശിവൻകുട്ടി

ക്വാളിറ്റി മൈഗ്രേഷൻ ഉറപ്പുവരുത്തുക എന്നതാണ് നോർക്കയുടെ ലക്ഷ്യം. പണ്ടുകാലത്ത് പത്തേമാരികളിൽ വിദേശത്തേയ്ക്ക് പോയ സാധാരണ പ്രവാസികളുടെ അവസ്ഥ അല്ല ഇന്നുളളത്. സാങ്കേതികജ്ഞാനവും പുതിയ അറിവുകളും തേടുന്ന ഒരു തലമുറയാണ് പ്രവാസ ലോകം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് കോളിറ്റി മൈഗ്രേഷൻ ഉറപ്പുവരുത്താനുള്ള വിവിധങ്ങളായ പദ്ധതി നോർക്ക ആസൂത്രണം ചെയ്യുന്നത്. മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന് തുടക്കമിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജർമ്മനിയിലേയ്ക്കും, യുകെയിലേയ്ക്കുമുളള ആരോഗ്യപ്രവർത്തകരുടെ കുടിയേറ്റം വിജയകരമായി നടന്നുവരുന്നു. ഘട്ടം ഘട്ടമായി കൂടുതൽ രാജ്യങ്ങളിലേയ്ക്ക് കൂടി സമാനമായ നിയമപരമായി തൊഴിൽ കുടിയേറ്റം സാധ്യമാക്കാനാണ് ശ്രമം. വിദേശത്തേയ്ക്ക് പഠനത്തിനായി പോകുന്നവർ നോർക്കയുടെ സ്റ്റുഡന്റ് ഐ ഡി കാർഡുകൾ എടുക്കാൻ തയ്യാറാകണമെന്നും പി ശ്രീരാമകൃഷ്ണൻ അഭ്യർത്ഥിച്ചു.

Read Also: വിവാദങ്ങൾക്ക് പിന്നാലെ ‘ദി കേരളാ സ്റ്റോറി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button