KeralaLatest NewsNews

പൊലീസുകാര്‍ ഓടിയൊളിച്ചു, വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് അവർ തിരിച്ച് വന്നത്: സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

കൊല്ലം: കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്. പ്രതി സന്ദീപ് അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാര്‍ ഓടിയൊളിച്ചതായി സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നു. പൊലീസുകാര്‍ സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ ഡോ വന്ദനാ ദാസിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ ഡി എംഒയ്ക്ക് സമര്‍പ്പിച്ചു.

റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ; കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് പ്രതി സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. 4.34നാണ് സന്ദീപ് അക്രമാസക്തനാകുന്നത്.ഇതിനിടെ ഒബ്‌സര്‍വേഷന്‍ റൂമിലേക്കെത്തിയ പൊലീസ് അതേവേഗത്തില്‍ കാഷ്വാലിറ്റിയുടെ ഗേറ്രിന് പുറത്തേക്ക് ഓടി. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഡോ. വന്ദനാ ദാസിനെ 4.42ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എട്ട് മിനിറ്റ് മാത്രമാണ് അക്രമം നീണ്ടുനിന്നത്. കാഷ്വാലിറ്റി ഗേറ്റിന് പുറത്തേക്ക് പോയ പൊലീസുകാര്‍ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് അകത്തേക്ക് കയറിയത്.

സംഭവം നടക്കുമ്പോള്‍ നാല് പൊലീസുകാരും സെക്യൂരിറ്റിയും കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്നു. പൊലീസുകാരുടെ കൈയില്‍ ലാത്തി ഉണ്ടായിരുന്നില്ല. ബഹളം കേട്ട പൊലീസുകാര്‍ കസേരയുമായാണ് അകത്തേക്ക് പോയത്. എന്നാല്‍ വെറും കൈയോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഓരോരുത്തരും തിരിച്ചോടി. ആക്രമണത്തിന് പിന്നാലെ പൊലീസ് കാഷ്വാലിറ്റിയുടെ ഗേറ്റ് പുറത്തുനിന്ന് അടച്ചതിനാലാണ് തനിക്ക് അകത്തേക്ക് കയറാന്‍ കഴിയാത്തതെന്നാണ് സെക്യൂരിറ്റിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button