Latest NewsKeralaNews

കുടിവെള്ളം ശുദ്ധമെന്നുറപ്പിക്കാൻ 85 ലാബുകൾ: ഇതുവരെ പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകൾ

തിരുവനന്തപുരം: കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധനയ്ക്കു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 85 ലാബുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകൾ ഇക്കാലയളവിൽ പരിശോധിച്ചു. കൈയെത്തും ദൂരത്തു ജലപരിശോധനാ ലാബുകളെത്തിയതോടെ ശുദ്ധജലത്തെക്കുറിച്ചുള്ള ആശങ്കകകളും ഇല്ലാതായിരിക്കുന്നു.

Read Also: മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ

കിണറുകളിലും കുളങ്ങളിലുമുള്ള വെള്ളവും പൈപ്പ് വെള്ളവുമൊക്കെ ശുദ്ധമെന്നു പരിശോധിച്ച് ഉറപ്പിക്കാനാകുമെന്നതാണു ലാബുകളുടെ പ്രത്യേകത. സംസ്ഥാനത്തെ ജലഗുണനിലവാര പരിശോധന ലാബുകളിൽ 83 എണ്ണത്തിനും ദേശീയ ഗുണനിലവാര ഏജൻസിയായ എൻ.എ.ബി.എൽ-ന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 2021-22 വർഷം 5,57,415 സാമ്പിളുകളും 2022-23 വർഷം 8,22,855 സാമ്പിളുകളുമാണ് ഈ ലാബുകളിൽ പരിശോധിച്ചത്. ഗ്രാമീണ മേഖലയിൽ യഥാക്രമം 5,22,003 സാമ്പിളുകളും നഗരങ്ങളിൽ 35,412 സാമ്പിളുകളും ആദ്യ വർഷം പരിശോധിച്ചു. തൊട്ടടുത്ത വർഷം 7.31 ലക്ഷം സാമ്പിളുകളും 90,942 സാമ്പിളുകളും പരിശോധനയ്ക്കായി ലാബുകളിൽ എത്തി.

കണ്ണൂർ, തൃശൂർ, കോഴിക്കോട് ജില്ലാ ലാബുകളിലാണ് ഏറ്റവും കൂടുതൽ ജല സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്ക് എത്തുന്നത്. IS 3025 അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് എല്ലാ ലാബുകളിലും നടക്കുന്നത്. ജില്ലാ ലാബുകളിൽ 17 മുതൽ 25 വരെ പരാമീറ്ററുകൾ പരിശോധിക്കാൻ സൗകര്യം ഉണ്ട്. ഉപജില്ലാ ലാബുകളിൽ കുറഞ്ഞത് 10 പരാമീറ്ററുകളാണ് പരിശോധിക്കുന്നത്. എറണാകുളം ജില്ലയിലെ സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ക്വാളിറ്റി (എസ്.ആർ.ഐ) അത്യാധുനിക പരിശോധനാ സൗകര്യവുമുണ്ട്. ഘനലോഹ സാന്നിധ്യം ഉൾപ്പെടെ 33 പരാമീറ്ററുകളും കീടനാശിനി സാന്നിധ്യവും ഇവിടെ പരിശോധിക്കാനാകും. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഓരോ പരിശോധനയ്ക്കും വേണ്ടിവരുന്ന സമയം.

സംസ്ഥാനത്ത് ജല അതോറിറ്റി പദ്ധതികളുടെ എല്ലാ നദീജല സ്രോതസ്സുകളിലും മൺസൂണിനു മുൻപും ശേഷവും ജല പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. ജില്ലാ ലാബുകളിൽ പരിശോധിക്കുന്ന സാമ്പിളുകളിൽ നിന്നും അഞ്ച് ശതമാനം സാമ്പിളുകൾ രാസ ഭൗതിക ഗുണനിലവാരം അറിയുന്നതിനുള്ള ക്രോസ് ചെക്കിങ്ങും നടത്തും.

ഉപഭോക്താക്കൾക്ക് ജലഗുണനിലവാര പരിശോധന ഓൺലൈൻ വഴി നിർവഹിക്കാനുള്ള സൗകര്യം ജല അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. qpay.kwa.kerala.gov.in ൽ പണമടച്ച്, കുടിവെള്ള സാമ്പിൾ അതതു ലാബുകളിൽ എത്തിച്ചാൽ സാമ്പിൾ പരിശോധിച്ച് ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവിധ പരിശോധനയ്ക്കുള്ള ഗാർഹിക നിരക്കുകൾ 50 രൂപ മുതൽ 250 രൂപ വരെയാണ്. ഗാർഹികേതര നിരക്കുകൾ 100 മുതൽ 500 രൂപ. മൂന്നോ അതിൽ കുറവോ പാരാമീറ്ററുകളാണ് പരിശോധിക്കുന്നതിൽ 100 രൂപ അധികം ഈടാക്കും. ഇരുവിഭാഗത്തിലും പരിശോധകളുടെ പാക്കേജുകളും ലഭ്യമാണ്.

കുടിവെള്ളത്തിന്റെ രാസ-ഭൗതിക പരിശോധനയ്ക്കായി അന്നു ശേഖരിച്ച രണ്ടു ലിറ്റർ വെള്ളമാണ് എത്തിക്കേണ്ടത്. ബാക്ടീരിയാ പരിശോധയ്ക്കായി അണുവിമുക്ത ബോട്ടിലിൽ 100 മില്ലി ലിറ്റർ വെള്ളമാണ് എത്തിക്കേണ്ടത്. വിവിധ ജില്ലകളിലെ ലാബുകളുടെ ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ ജല അതോറിറ്റി വെബ്‌സൈറ്റ് ആയ www.kwa.kerala.gov.inൽ ലഭ്യമാണ്.

ഗുണനിലവാരം ഇല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ അതാത് വ്യക്തികളെയോ, അധികാരികളെയോ ബോധ്യപ്പെടുത്തുകയും പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്യും. ഗ്രാമീണ മേഖലകളിൽ നടത്തുന്ന പരിശോധന ഫലങ്ങൾ https://ejalshakti.gov.in/WQMIS/ പോർട്ടലിൽ രേഖപ്പെടുത്തുകയും പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.

Read Also: സുഹൃത്തിന്റെ ജന്മദിനപാർട്ടിക്ക് വെള്ളഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതിനല്‍കി അഞ്ചാംക്ലാസ്സുകാരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button