Latest NewsNewsIndia

ശാന്തനായി നിന്ന അരിക്കൊമ്പന്‍ പരിഭ്രാന്തനായി വിരണ്ടോടാന്‍ കാരണം യൂട്യൂബര്‍ പറത്തിയ ഡ്രോണ്‍

യുവാവിനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്

കമ്പം : തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയില്‍ പ്രവേശിച്ച് ശാന്തനായി നിന്ന അരിക്കൊമ്പന്‍ വിരണ്ടോടാന്‍ കാരണമായത് യൂട്യൂബര്‍ പറത്തിയ ഡ്രോണ്‍ ആണെന്ന് റിപ്പോര്‍ട്ട്. പുളിന്തോട്ടത്തില്‍ ശാന്തനായി നില്‍ക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോണ്‍ എത്തിയതാണ് ആന പരിഭ്രാന്തനാകാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രോണ്‍ പറത്തിയ ചിന്നമന്നൂര്‍ സ്വദേശിയായ യൂട്യൂബറെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാന പരിഭ്രാന്തനായി വിരണ്ടോടിയ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Read Also: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തിലെ പാർലമെന്റ് ഉദ്ഘാടനം രക്തസാക്ഷികളെ അപമാനിക്കൽ: മുഹമ്മദ് റിയാസ്

അരിക്കൊമ്പനെ ജനവാസ മേഖലയില്‍ നിന്ന് തുരത്തുന്നതിനായി ഞായറാഴ്ച രണ്ടാം അരിക്കൊമ്പന്‍ ദൗത്യം നടക്കും. മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ കലൈവാണന്‍, ഡോ പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്. കൊമ്പനെ പിടികൂടി മേഘമല വെള്ളമലയിലെ വരശ്നാട് താഴ്‌വരയിലേയ്ക്ക് മാറ്റാനാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം.

അരിക്കൊമ്പന്‍ വീണ്ടും തമിഴ്നാട്ടിലെ ജനവാസമേഖലയിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തിലാണ് ആനയെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പനെ നാളെ മയക്കുവെടി വയ്ക്കുമെന്നാണ് വിവരം. വനത്തിലേക്ക് തന്നെ ആനയെ തുരത്താനാണ് തമിഴ്നാട് വനംവകുപ്പിന്റെ നിലവിലെ തീരുമാനം. ഇതിനായി കോയമ്പത്തൂരില്‍ നിന്നും രണ്ട് കുങ്കിയാനകളെ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കോയമ്പത്തൂര്‍ ടോപ് സ്ലിപ്പില്‍ നിന്ന് രണ്ട് കുങ്കിയാനകളെയാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്ന കമ്പത്ത് എത്തിക്കുക. സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കമ്പത്തെത്തുക.

ജനവാസമേഖലയില്‍ നിന്നും അരിക്കൊമ്പനെ തുരത്താന്‍ വനപാലകര്‍ പടക്കം പൊട്ടിച്ചതോടെ ആന വിരണ്ടോടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിന്തുടരുകയാണ്. ഇന്ന് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പരിഭ്രാന്തി പരത്തുകയും ഓട്ടോറിക്ഷ ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button