KeralaLatest NewsNews

‘മഹത്തരം, ഭാവിയിൽ ലഭിക്കേണ്ടിയിരുന്ന ബഹുമതികളും പുരസ്കാരങ്ങളും ടൊവിനോയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം’: വൈറൽ കുറിപ്പ്

കൊച്ചി: ജന്തർ മന്ദിറിൽ ​ഗുസ്‌തി താരങ്ങൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഏതൊരാളും അർഹിക്കുന്ന നീതി ഇവർക്കും ലഭിക്കണമെന്നും എതിർപക്ഷത്തുള്ളവർ ശക്തരായതു കൊണ്ട് ഇവർ തഴയപ്പെടരുതെന്നും ടൊവിനോ ആവശ്യപ്പെട്ടിരുന്നു. സൂപ്പർതാരങ്ങൾ അടക്കമുള്ളവർ വിഷയത്തിൽ നിശബ്ദത പാലിക്കുമ്പോഴാണ് ടോവിനോ വ്യത്യസ്തനാകുന്നത്. ധൈര്യപൂർവ്വം പ്രതികരിച്ച താരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ. നീതിയ്ക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ ടൊവിനോയ്ക്ക് പല നഷ്ടങ്ങളും സംഭവിച്ചേക്കാമെന്നും എന്നിട്ടും സ്വന്തം നിലപാട് ഭയംകൂടാതെ ഉറക്കെ വിളിച്ചുപറഞ്ഞ ടൊവിനോ ഒരുപാട് കൈയ്യടികൾ അർഹിക്കുന്നുവെന്നും സന്ദീപ് ദാസ് എഴുതിയ കുറിപ്പിൽ പറയുന്നു.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ടൊവിനോ തോമസ് എന്ന യുവനടനെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുകയാണ്. നീതിയ്ക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഗുസ്തി താരങ്ങൾക്ക് ടൊവിനോ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻ്റെ പേരിൽ ടൊവിനോയ്ക്ക് പല നഷ്ടങ്ങളും സംഭവിച്ചേക്കാം. എന്നിട്ടും സ്വന്തം നിലപാട് ഭയംകൂടാതെ ഉറക്കെ വിളിച്ചുപറഞ്ഞ ടൊവിനോ ഒരുപാട് കൈയ്യടികൾ അർഹിക്കുന്നു.
രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഉപേക്ഷിക്കുമെന്നാണ് ഗുസ്തി താരങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചത്. ഒരു അത്ലീറ്റിൻ്റെ ഏറ്റവും വലിയ സമ്പാദ്യമാണ് മെഡലുകൾ. അവ പോലും കൈവിടാൻ ഒരുങ്ങണമെങ്കിൽ നമ്മുടെ ഗുസ്തി താരങ്ങൾക്ക് ജീവിതം അത്രമേൽ മടുത്തുപോയിട്ടുണ്ടാവണം!
പക്ഷേ ഇടിക്കൂട്ടിൽ വിസ്മയം തീർത്ത മനുഷ്യരുടെ സമരത്തോട് ഐക്യപ്പെടാൻ ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും തയ്യാറായിട്ടില്ല. സ്പോർട്സ്-സിനിമാ മേഖലകളിലെ പ്രമുഖരെല്ലാം ബോധപൂർവ്വം മൗനം പാലിക്കുകയാണ്. അതുകൊണ്ടാണ് ടൊവിനോയുടെ പ്രവൃത്തി മഹത്തരമാകുന്നത്.
എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായതുകൊണ്ട് നമ്മുടെ ഗുസ്തി താരങ്ങൾ തഴയപ്പെടരുത് എന്നാണ് ടൊവിനോ അഭിപ്രായപ്പെട്ടത്. അത് കൃത്യവും ശക്തവും ആയ രാഷ്ട്രീയ പ്രസ്താവനയാണ്.
ഈ പ്രതികരണത്തിൻ്റെ പേരിൽ ടൊവിനോയ്ക്ക് ഭീഷണികളും മിന്നൽ പരിശോധനകളും നേരിടേണ്ടിവന്നേക്കാം. ഭാവിയിൽ ലഭിക്കേണ്ടിയിരുന്ന ബഹുമതികളും പുരസ്കാരങ്ങളും ടൊവിനോയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം. പക്ഷേ എന്തെല്ലൊം സംഭവിച്ചാലും താൻ ശരിയുടെ പക്ഷത്ത് നിലകൊള്ളുമെന്ന് ടൊവിനോ പറഞ്ഞുവെയ്ക്കുകയാണ്.
ഇന്ത്യയിലെ ജനാധിപത്യം മരണക്കിടക്കയിലാണ്. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം നമ്മുടെ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ അപകടാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആളാണ് ടൊവിനോ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ടൊവിനോ ശബ്ദിച്ചത് ഓർക്കുന്നില്ലേ?
കേരളത്തെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കേരള സ്റ്റോറി’ എന്ന ചലച്ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അതിന് ഭരണകൂടത്തിൻ്റെ ഒത്താശയും ഉണ്ടായിരുന്നു. ചില സംസ്ഥാനങ്ങൾ ആ സിനിമയ്ക്ക് നികുതിയിളവ് വരെ നൽകുകയുണ്ടായി.
കേരള സ്റ്റോറി എന്ന പ്രൊപ്പഗാണ്ട മൂവിയെ എതിർക്കാനുള്ള ധൈര്യം ടൊവിനോ കാണിച്ചിരുന്നു. സിനിമയിലൂടെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നാണ് ടൊവിനോ തുറന്നടിച്ചത്.
ഇവിടത്തെ ഫാസിസ്റ്റുകൾ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും രണ്ടാംകിട പൗരൻമാരായിട്ടാണ് കാണുന്നത്. ‘ടൊവിനോ തോമസ് ‘ എന്ന പേര് പോലും കാവിപ്പടയ്ക്ക് അലർജിയായിരിക്കും. ടൊവിനോ നിരന്തരം നന്മയുടെ രാഷ്ട്രീയം പറയുന്നത് അവരെ നല്ലതുപോലെ അലോസരപ്പെടുത്തുന്നുണ്ടാവും.
ടൊവിനോ നായകനായി അഭിനയിച്ച ‘മിന്നൽ മുരളി’ എന്ന സിനിമയുടെ സെറ്റ് ഹിന്ദുത്വവാദികൾ തകർത്തത് ആരും മറന്നിട്ടുണ്ടാവില്ല. ടൊവിനോ അവരുടെ കണ്ണിലെ കരടാണ് എന്ന് മനസ്സിലാക്കാൻ വേറെ എന്ത് തെളിവാണ് വേണ്ടത്?
ടൊവിനോ സേഫ് സോണിൽ നിലകൊള്ളാൻ ആഗ്രഹിക്കുന്നില്ല. പ്രളയം വന്നപ്പോൾ അയാൾ തെരുവിലിറങ്ങി രാവും പകലും കഠിനാദ്ധ്വാനം ചെയ്തിരുന്നു. കേരളം എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള മനുഷ്യപക്ഷ രാഷ്ട്രീയത്തിൻ്റെ പതാകവാഹകനാണ് ടൊവിനോ.
ഒരിക്കൽക്കൂടി നെഞ്ചിൽ കൈവെച്ച് പറയട്ടെ. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ് ടൊവിനോ

shortlink

Related Articles

Post Your Comments

Related Articles


Back to top button