KeralaLatest NewsNews

എഐ ക്യാമറകൾ തിങ്കളാഴ്ച്ച രാവിലെ 8 മണി മുതൽ പ്രവർത്തനസജ്ജമാകും: ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക എൻഫോഴ്സ്മെന്റ് സംവിധാനം തിങ്കളാഴ്ച്ച രാവിലെ 8 മണി മുതൽ പ്രവർത്തനസജ്ജമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിവർഷം നാൽപ്പതിനായിരത്തിലധികം റോഡ് അപകടങ്ങൾ ഉണ്ടാകുന്ന കേരളം ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണ്. ജനസംഖ്യയുടെ 2.76 % മാത്രമാണെങ്കിലും റോഡ് അപകടങ്ങളുടെ 8.1% കേരളത്തിലാണ്. 2022-ൽ കേരളത്തിൽ 43,910 റോഡപകടങ്ങളിൽ 4,317 പേർ മരിക്കുകയും 49,307 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ഉണ്ടായി.

Read Also: സ്‌കൂളുകളില്‍ ശനിയാഴ്ചയും പ്രവര്‍ത്തി ദിനം, തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്

2023 ഏപ്രിൽ വരെ 16,528 റോഡപകടങ്ങളിൽ 1,447 പേർ മരിക്കുകയും 19,015 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെടുന്നതിലും ഗുരുതരമായി പരിക്കേൽക്കുന്നതിലും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന യുവാക്കൾ ആണ് കൂടുതൽ. പ്രതിവർഷം മരണമടയുന്ന യുവാക്കളിൽ 200-ഓളം പേർ 18 വയസ്സിൽ താഴെയുള്ളവരും ഗുരുതരമായി പരിക്കേൽക്കുന്നവരിൽ 30% വികലാംഗരായി മാറുന്നവരോ ജീവിതകാലം മുഴുവൻ കിടപ്പിലാകുന്നവരോ ആണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലാണ് റോഡ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടങ്ങൾ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.

24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നീഷ്യൻ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. സുതാര്യവും, മനുഷ്യ ഇടപെടൽ കുറയ്ക്കുന്നതും, അപകടസാധ്യത ഇല്ലാത്തതുമായ ആധുനിക സംവിധാനം ഉപയോഗിച്ച് വാഹന പരിശോധന വേളയിൽ ഉണ്ടാകുന്ന തർക്കങ്ങളും പരാതികളും അഴിമതിയും ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത, കൃത്യത എന്നിവ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിദഗ്ധസമിതി റിപ്പോർട്ട് അനുസരിച്ച് 726 ക്യാമറ സിസ്റ്റത്തിൽ 692 എണ്ണം പ്രവർത്തന സജ്ജമാണ്. റോഡ് നിർമ്മാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ, റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചത്, സമന്വയിപ്പിക്കുന്നതിലെ പൊരുത്തക്കേട് ഉൾപ്പെടെ 34 ക്യാമറ സിസ്റ്റം എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽഫോൺ ഉപയോഗം, റെഡ് സിഗ്നൽ മുറിച്ചു കടക്കൽ, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര, അമിതവേഗം, അപകടകരമായ പാർക്കിംഗ് തുടങ്ങി പ്രത്യക്ഷത്തിൽ ഏറ്റവും കൂടുതൽ ജീവഹാനി വരുത്താവുന്ന അപകടങ്ങൾ ഗണ്യമായി കുറയുന്നതിന് മുൻഗണന നൽകുന്ന പദ്ധതിക്കാണ് മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നതല്ലെന്ന് ആന്റണി രാജു വ്യക്തമാക്കി.

പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. ഓൺലൈനായി അപ്പീൽ നൽകാനുള്ള സംവിധാനം രണ്ടു മാസത്തിനുള്ളിൽ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ക്യാമറ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും ക്യാമറ സിസ്റ്റത്തിലൂടെ ദിവസേന കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജൂൺ രണ്ടിന് 2,42,746 റോഡ് നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: അവിശ്വാസികളെ വെറുക്കാനാണ് അള്ളാഹു ഇസ്ലാം മതസ്ഥരോട് കല്‍പ്പിച്ചിരിക്കുന്നതെന്ന് കനേഡിയന്‍ ഇമാം യൂനുസ് കത്രദ

shortlink

Related Articles

Post Your Comments

Related Articles


Back to top button