KeralaLatest NewsNews

അമേരിക്കൻ യാത്ര ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ; ഷിബു ബേബി ജോൺ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാക്കള്‍. അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷിബു ബേബി ജോൺ പരിഹസിച്ചു. ഇറച്ചി കടയില്‍ എല്ലിന്‍ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും ഇതൊക്കെ അപമാനകരമാണെന്നും അദ്ദേഹം പരിഹസിച്ചു.

പാവപ്പെട്ട പ്രവാസിയുടെ പോക്കറ്റിൽ വരെ കയ്യിട്ടുവാരുന്ന ലോക കേരള സഭ ലോകത്താകമാനം കേരളത്തിന് നാണക്കേടായി മാറിയിരിക്കുകയാണെന്നും അതിൻ്റെ പേരിൽ വ്യാപകമായ പണപ്പിരിവ് നടക്കുമ്പോഴും ചോദിക്കാനും പറയാനും ആരുമില്ലെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണപ്പിരിവ് നടക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഷിബു ബേബി ജോൺ.

പണപ്പിരിവിനെ കാബൂളിവാല എന്ന സിനിമയിൽ ഇന്നസെന്റും ജഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രവുമായി താരതമ്യം ചെയ്താണ് ഷിബു ബേബി ജോൺ പരിഹസിക്കുന്നത്. ജീവിക്കാൻ വേണ്ടി യാചകവേഷം കെട്ടിയെങ്കിലും വാങ്ങിയ ഭക്ഷണത്തിന് പണമില്ലെന്ന് കണ്ട് ഭക്ഷണപൊതി തിരിച്ചുനൽകിയ കന്നാസും കടലാസും മാന്യൻമാരായിരുന്നുവെന്നും, ജീവിക്കാനായി വിദേശത്തുപോയി വിയർപ്പൊഴുക്കുന്ന പ്രവാസിയുടെ അപ്പക്കഷ്ണം പോലും പിടിച്ചു പറിക്കാനിറങ്ങുന്ന ഓരോരുത്തരെ കാണുമ്പോഴാണ് കന്നാസിൻ്റെയും കടലാസിൻ്റെയും മഹത്വം ഒരിക്കൽക്കൂടി ഓർക്കേണ്ടി വരുന്നതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

‘ശരിക്കും ലോക കേരള സഭയുടെ പേരില്‍ ന്യൂയോർക്കിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടകർ ആരാണ്? കേരള സർക്കാരാണോ നോർക്കയാണോ? അവരല്ലെങ്കിൽ ഏത് നിയമപ്രകാരം ചുമതലപ്പെട്ടവരാണ്? അവരുടെ വരവ് ചെലവു കണക്കുകളും പിരിക്കുന്ന തുകയും ഏത് ഓഡിറ്റിനാണ് വിധേയമാകുന്നത്? ലോക കേരളസഭയുടെ മറവിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ പണപ്പിരിവ് നടക്കുന്നത് ആരുടെ നിർദ്ദേശപ്രകാരമാണ്? ആരാണ് അവരെ അതിന് ചുമതലപ്പെടുത്തിയത്? ഈ സംശയങ്ങൾക്കെല്ലാം സംസ്ഥാന സർക്കാരും നോർക്കയും വ്യക്തത വരുത്തേണ്ടതുണ്ട്’, ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button