
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറക്കണ്ണുകൾ വഴി 28,891 പേര്‍ക്ക് പിഴ. തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 1.44 കോടിയാണ് സർക്കാരിന് പിഴ ഇനത്തിൽ നിന്ന് മാത്രമായി ഇന്നലെ ലഭിച്ചത്. എ.ഐ ക്യാമറയുടെ വരവിന് ശേഷമുള്ള ആദ്യദിനം ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്.
കൊല്ലം 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194, ഇടുക്കി 1,483, എറണാകുളം 1,889, തൃശ്ശൂർ 3,995, പാലക്കാട് 1,007, മലപ്പുറം 545, കോഴിക്കോട് 1,550, വയനാട് 1,146, കണ്ണൂർ 2,437, കാസർഗോഡ് 1,040 എന്നിങ്ങനെയാണ് ഇന്നലെ കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങൾ. ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവൽക്കരണത്തിന് നൽകിയ കാലഘട്ടത്തിനേക്കാൾ നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞത് ശുഭ സൂചനയാണെന്ന അഭിപ്രായമാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് ഉള്ളത്.
എ ഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുൻപുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങൾ ഇന്നലെ 1.93 ലക്ഷമായി കുറയുകയുണ്ടായി. എന്നാൽ ഇന്നലെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments