
ഉത്തര്‍പ്രദേശ്: മകള്‍ പീഡനത്തിനിരയായി മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു.
ഉത്തർപ്രദേശിൽ ജലൗണിലെ അകോദി ഗ്രാമത്തിലാണ് സംഭവം. രണ്ട് മാസം മുമ്പാണ് അക്കോഡി ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായത്. സംഭവം മകൾ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
എന്നാൽ, പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ല. ഇതിൽ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്നാണ് ഗ്രാമവാസികളുടെ ആരോപണം.
അതേസമയം, സംഭവത്തിൽ ജലൗൺ എഎസ്പി അസീം ചൗധരി അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അസീം ചൗധരി വ്യക്തമാക്കി.
Post Your Comments