
കോഴിക്കോട്: പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് ആണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വച്ച് പ്രതിയെ പിടികൂടിയത്.
ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞു ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന്, കുട്ടി വീട്ടിൽ എത്തിയില്ല എന്ന് വീട്ടുകാർ അറിയിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിന് പരാതി നല്‍കിയതിനെ തുടർന്ന് താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ കണ്ടെത്തുന്നത്.
താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെൺകുട്ടി. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments