
മലപ്പുറം: 2018 ൽ മലപ്പുറത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിലെ പ്രതി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) ആണ് മരിച്ചത്. മേയ് 31ന് മഞ്ചേരി സ്‌പെഷൽ സബ് ജയിലിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം.
താനൂർ തെയ്യാല സ്വദേശി അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെയും ഭാര്യ സൗജത്തിനെയും കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു ബഷീർ. സൗജത്തും ബഷീറും തമ്മിൽ അവിഹിതബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ സവാദിനെ കൊലപ്പെടുത്തണമെന്ന് സൗജത്ത് കാമുകനെ വിളിച്ചറിയിച്ചു. വിദേശത്തായിരുന്ന ബഷീർ ഇതിനുവേണ്ടി മാത്രം രണ്ട് ദിവസത്തെ അവധിക്ക് നാട്ടിലെത്തി. 2018 ലായിരുന്നു ഈ സംഭവം. ഭാര്യയുടെ ചതി തിരിച്ചറിയാതെ കുട്ടിക്കൊപ്പം കിടന്നുറങ്ങിയ സവാദിനെ ബഷീർ കൊലപ്പെടുത്തുകയായിരുന്നു.
സവാദിനെ മരത്തടികൊണ്ട് ബഷീർ തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. കൂടെ കിടന്നുറങ്ങിയിരുന്ന മകൾ ശബ്ദം കേട്ട് നിലവിളിച്ചപ്പോൾ കുട്ടിയെ മുറിക്കുള്ളിലാക്കി കത്തിയെടുത്ത് കഴുത്തറത്ത് മരണം സൗജത്ത് ഉറപ്പിച്ചു. സവാദ് മരണപ്പെട്ടുവെന്ന് ഉറപ്പായതോടെ ബഷീർ തിരിച്ച് വിദേശത്തേക്ക് കടന്നു. എന്നാൽ, ഇവരുടെ ബന്ധത്തെ കുറിച്ച് അറിയാമായിരുന്ന നാട്ടുകാർ പ്രശ്നമുണ്ടാക്കി. അന്വേഷണം ബഷീറിലെത്തി. ഇതോടെ, മറ്റ് വഴികളില്ലാതെ ബഷീർ തിരിച്ച് നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
സൗജത്തും കേസിൽ പ്രതിയായിരുന്നു. കൊലപാതകം നടന്ന് പിറ്റേന്ന് സൗജത്തിനെ ചോദ്യം ചെയ്തപ്പോൾ ‘എനിക്കൊന്നുമറിയില്ല, ഞാൻ ഒന്നും കണ്ടിട്ടില്ല’ എന്നായിരുന്നു ഇവർ മൊഴി നൽകിയത്. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ യുവതി ക്രൂരകൃത്യം വിവരിക്കുകയായിരുന്നു. കാമുകൻ അബ്ദുൾ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന് സൗജത്ത് പൊലീസിനോട് വെളിപ്പെടുത്തി. പിന്നീട് റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ബഷീർ സൗജത്തിനേയും കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. അന്ന് ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ കണ്ടെത്തുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Post Your Comments