
തൃശൂര്‍: കുന്നംകുളത്തുനിന്ന് അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ചൂണ്ടല്‍ പുതുശേരി സ്വദേശി സുരഭി (23), കണ്ണൂര്‍ ആലക്കോട് കരുവഞ്ചാ സ്വദേശി പ്രിയ (30) എന്നിവരാണ് അതിമാരക മയക്കുമരുന്നുമായി പിടിയിലായത്. ഇവരില്‍നിന്ന് 17.5 ഗ്രാം എം.ഡി.എം.എ ആണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് കണ്ടെടുത്തത്. ലഹരിക്കടത്തിന് ആൺപെൺ വ്യത്യാസമില്ലെന്ന് തെളിയിക്കപ്പെട്ടിട്ട് കുറെയായി. എന്നിരുന്നാലും സുരഭിയുടെയും പ്രിയയുടെയും കേസ് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
പിടിക്കപ്പെട്ടാലുള്ള ഭവിഷ്യത്ത് പോലും നോക്കാതെയാണ് സ്ത്രീകൾ ഇതിലേക്ക് ഇറങ്ങിത്തിരിക്കുന്നതെന്ന് പോലീസ് പറയുന്നു. സംസ്ഥാനത്തെങ്ങും മയക്കുമരുന്ന് വിതരണം വ്യാപകമാവുകയാണ്. സ്‌കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് വ്യാപകമായി വിപണനം പൊടിപൊടിക്കുന്നുണ്ട്. പോലീസിന്റേയും എക്‌സൈസിന്റേയും പരിശോധനയില്‍ നിരവധിപേര്‍ പിടിയിലാകുമ്പോഴും മയക്കുമരുന്ന് ശൃംഖലയുടെ കണ്ണി മുറിയുന്നില്ല. ഒരോ അറസ്റ്റ് കഴിയുമ്പോഴും ആ കേസ് അവസാനിക്കുന്നുവെന്നല്ലാതെ, കണ്ണിയുടെ അങ്ങേയറ്റം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല.
ഒരുകാലത്ത് പുരുഷന്മാര്‍ മാത്രം അരങ്ങ് വാണിരുന്ന ലഹരിക്കടത്തിലേക്ക് പെണ്‍കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ എത്തിയത് പോലീസിനേയും എക്‌സൈസിനേയും കുഴക്കുകയാണ്. യുവാക്കൾ മാത്രം ഉപയോഗിച്ച് പോന്നിരുന്ന ലഹരി, ഇന്ന് സ്‌കൂൾ കുട്ടികൾ വരെ വാങ്ങി ഉപയോഗിക്കുന്നു.
ഇതിൽ ഏറ്റവും ഒടുവിലത്തെ കേസാണ് സുരഭിയുടെയും പ്രിയയുടെയും. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ പിടിയിലാകുന്നത്. മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേനയാണ് അന്വേഷണ യുവതികളെ സമീപിച്ചത്. പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുല്‍ എന്നിവരാണ് യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. യുവതികള്‍ പിടിയിലായതോടെ ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെട്ടു.
സുരഭിയും പ്രിയയും തൃശൂരില്‍ ഒരു ഫ്‌ളാറ്റില്‍ ഒരുമിച്ചാണ് താമസം. സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. അറസ്റ്റിലായ പ്രിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഫാഷന്‍ ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞിരിക്കുകയാണ്. തുടര്‍ന്നാണ് പ്രിയയെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസിക്കുന്നതും. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബെംഗളൂരുവിൽ പോയാണ് എം ഡി എം എ. വാങ്ങാറുള്ളതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം ഡി എം എ. നാട്ടില്‍ 2000 രൂപക്കാണ് യുവതികള്‍ വില്‍പ്പന നടത്തിയിരുന്നത്.
Post Your Comments