Article

ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തുകയും മറുപുറത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രസ്ഥാനമാണ് സിപിഎം

ഒരേ സമയം ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തുകയും മറുപുറത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രസ്ഥാനമാണ് സിപിഎം. ഇടത് ഭരണത്തില്‍ വളര്‍ന്നു പന്തലിച്ച ഒരേ ഒരു മേഖല ലഹരി മാഫിയയും

കേരളത്തില്‍ പിണറായി സര്‍ക്കാരിന് കീഴില്‍ പടര്‍ന്നു പന്തലിച്ച ഒരേ ഒരു മേഖല ലഹരിമാഫിയയാണെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷ്. സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും യഥേഷ്ടം ഒഴുക്കുന്നത് രാഷ്ട്രീയക്കാരുടെ മൗനാനുവാദത്തോടെ ഉന്നതലോബികളാണെന്നും അഞ്ജു തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളകൗമുദി പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാനത്തെ യുവാക്കളേയും കൗമാരക്കാരേയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന മാരക വിപത്തിനെ കുറിച്ച് അഞ്ജു തന്റെ ലേഖനത്തില്‍ അടിവരയിട്ട് പറയുന്നത്.

Read Also: മണിപ്പൂർ സംഘർഷം: ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

 

‘ജില്ല തിരിച്ചുള്ള ഈ ലിസ്റ്റ് കണ്ട് യുവജനോത്സ മേളയ്‌ക്കോ കായിക മേളയ്‌ക്കോ രജിസ്റ്റര്‍ ചെയ്ത സ്‌കൂളുകളുടെ ലിസ്റ്റ് ആണെന്ന് തെറ്റിദ്ധരിക്കേണ്ട അടുത്ത ഒരു പത്തു പതിനഞ്ചു കൊല്ലങ്ങളില്‍ എരിഞ്ഞു തീരുന്ന യുവത്വങ്ങളുടെ, മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയില്‍ ആരെയെങ്കിലും കൊല ചെയ്തിട്ടോ കവര്‍ച്ച ചെയ്തിട്ടോ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടക്കാന്‍ പോകുന്ന വരും തലമുറയുടെ മരണ വാറന്റ് ആണ് ഇത്.
മുഴുവന്‍ വിവരങ്ങളും ജില്ല തിരിച്ചു തന്നെ നല്‍കിയിട്ടുണ്ട്, വ്യക്തമായി തന്നെ. ഒരു മഹാമാരിയില്‍ നിന്നും ഒരു തലമുറയെ രക്ഷിക്കാനുള്ള, അതിന് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ട പ്രിസ്‌ക്രിപ്ഷന്‍ ലിസ്റ്റ് ആണ് ഇതെങ്കിലും അതിനെ പ്രതി ഡയഗ്‌നോസിസ് കം ചികിത്സ ഒന്നും പ്രബുദ്ധ കേരള ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കുകയേ വേണ്ട. കണ്മുന്നില്‍ ഈ മഹാവിപത്ത് ആഞ്ഞടിച്ചു തുടങ്ങിയിട്ട് കാലം കുറച്ചധികം ആയെങ്കിലും പ്രബുദ്ധര്‍ക്ക് മാത്രം നേരം ഇതു വരെയും വെളുത്തിട്ടില്ല..’

‘ലഹരി തലയ്ക്ക് പിടിച്ച ഹിപ്പി സമൂഹമായി നമ്മള്‍ മാറിയിട്ട് കുറെ നാളായി. തലച്ചോറില്‍ ലഹരി പടര്‍ന്നപ്പോള്‍ രക്തബന്ധങ്ങള്‍ ആവിയായി പോയ കഥകള്‍ എന്നും കാണുന്നുണ്ട് നമ്മള്‍. കേരളത്തിലെ പൊതുസമൂഹത്തിലും കുടുംബങ്ങളിലും ലഹരി കൊടും വില്ലനായി മാറിയപ്പോള്‍ ആര് വേണമെങ്കിലും ഒരു കാരണവും ഇല്ലാതെ തന്നെ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം എന്ന രീതിയിലായി കാര്യങ്ങള്‍. ഒന്ന് നുള്ളി നോവിക്കാന്‍ പോലും മനസ്സ് അനുവദിക്കാത്ത കുരുന്നുകള്‍ ഒരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടി വെട്ടി കൊലപ്പെടുത്താന്‍ മനുഷ്യര്‍ക്ക് കഴിയുന്നത് ലഹരി ഉള്ളില്‍ കടന്ന് അവന്‍ പിശാചായി മാറുമ്പോഴാണ്. പെറ്റ വയറിനെ കരുണ ഇല്ലാതെ ചവിട്ടി ഞെരിക്കാന്‍ കഴിയുന്നതും അവന്റെ ഉള്ളിലെ ലഹരി തന്നെയാണ്. അതു പോലെ കൗമാരക്കാരില്‍ കാണുന്ന അക്രമ വാസന, കൂടെ ഉള്ളവരെ ഏതു രീതിയിലും കൊന്നോ അടിച്ചോ തീര്‍ത്തിട്ട് സ്വന്തം സുഖത്തിനുള്ള ഉപാധികള്‍ കണ്ടെത്താന്‍ ഉള്ള ത്വര, അതുവഴി ചാടുന്ന കെണികുഴികളില്‍ നിന്നും പുറത്ത് കടക്കാനാവാതെ ലഹരി വാഹകര്‍ ആയി അവര്‍ മാറുന്നു. സ്‌കൂളുകള്‍ അതിന്റെ മെയിന്‍ പോയിന്റ് ഓഫ് consumption ആയി തീരുന്നു’.

‘അടുത്തിടെ കേള്‍ക്കുന്ന ലഹരി വില്ലനാവുന്ന വാര്‍ത്തകള്‍ കണ്ടിട്ടും കേട്ടിട്ടും വലിയ ഞെട്ടലൊന്നും തോന്നിയില്ല. കാരണം ഈ ഭരണത്തിനു കീഴേ കേരളത്തില്‍ വളര്‍ന്നു പന്തലിച്ച വികസനം ഉണ്ടായ ഒരേ ഒരു മേഖല ‘ ലഹരി മാഫിയ ‘ മാത്രമാണ് എന്ന ഉറച്ച ബോധ്യം ഉള്ളതിനാല്‍. ആഭ്യന്തരം ആഭാസമായ ഈ ഭരണകാലത്ത് ലഹരി മാഫിയ പൂണ്ട് വിളയാടുകയാണ് ഇവിടെ. കൊറോണയെ തുരത്താന്‍ കാണിച്ചുവെന്ന തരത്തില്‍ ഇവിടെ പി.ആര്‍ വര്‍ക്കുകള്‍ക്ക് പൊടിച്ച പണത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ലക്ഷത്തിലൊരംശം എങ്കിലും ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ ഈ ഭരണകൂടം ശ്രമിച്ചിരുന്നുവെങ്കില്‍ ഈ നാട് ഇത്രമേല്‍ ലഹരിക്ക് അടിപ്പെടില്ലായിരുന്നു. പുരോഗമനം ലഹരി മാഫിയയുടെ രൂപത്തില്‍ പടര്‍ന്നുപ്പന്തലിക്കുന്നതിന് ദിനംപ്രതി കേരളം സാക്ഷിയാകുന്നുണ്ട്. നവോത്ഥാനം പുകച്ചുരുളുകളായി യുവത്വങ്ങള്‍ക്ക് മേലെ പാറിപ്പടരുന്നുണ്ട് കാമ്പസുകളിലും എന്തിന് സ്‌കൂളുകളില്‍ പോലും. അതിന്റെ തെളിവ് ആണ് ഈ ലിസ്റ്റ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ലഹരിക്കച്ചവടത്തില്‍ നന്നായി പിടിമുറുക്കിയിട്ടുണ്ട്’.

‘കേരളത്തില്‍ ലഹരിയും കഞ്ചാവും ഒഴുകുന്നത് ഉന്നത ഇടപെടലുകളില്‍ കൂടിയാണ്. പൊളിറ്റിക്കല്‍ പിടിപ്പാടുള്ള ഒരു ബിഗ്‌ഷോട്ടിന്റെ പിന്തുണയില്ലാതെ, അതിനു ചുക്കാന്‍ പിടിക്കാന്‍ ഒരു വമ്പന്‍ ഇല്ലാതെ ഇത്രയും big deal of drug consumption ഇവിടെ നടക്കില്ല. അടുത്ത കാലത്തായി കേരളത്തില്‍ പിടിക്കുന്ന കഞ്ചാവ് കേസുകള്‍ നൂറു കിലോ മുതല്‍ മുകളിലേക്കുള്ള വന്‍ കേസുകള്‍ ആണ്. അതായത് ഒന്നോ രണ്ടോ കോടി മനുഷ്യര്‍ക്ക് ആയുസ് മുഴുവന്‍ വലിക്കാന്‍ തക്ക അളവില്‍ കഞ്ചാവ് എത്തുന്നു. അത്രയും local consumption ഇവിടെയുണ്ടെന്ന് കരുതുക പ്രയാസം. എവിടെയോ വന്‍ വാല്യൂ അഡിക്ഷന്‍ നടന്ന് കഞ്ചാവ് ഓയിലോ ഹാഷിഷോ ഒക്കെയുണ്ടാവുന്ന അവസ്ഥ ഉണ്ട്. അത് മള്‍ട്ടി ലൊക്കേഷന്‍, മള്‍ട്ടി സ്റ്റേറ്റ്, കണ്‍ട്രി മാഫിയ ആണെന്നുറപ്പ്. ! അതുകൊണ്ടു തന്നെ രാഷ്ട്രീയ പിമ്പുകള്‍ ഇത് കാണാതെ നടിക്കുന്നു’.

‘ലഹരിക്കേസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എന്ത് ശിക്ഷയാണ് ഇവിടെ കൊടുക്കുന്നത്? ഒന്നുമില്ല. കുറച്ചു ദിവസം പിടിച്ചകത്തിട്ട് തിന്നു കൊഴുപ്പിച്ച ശേഷം വീണ്ടും പുറത്തേയ്ക്ക് വിടുന്നു. പിന്നീടും അവന്‍ അത് തന്നെ ചെയ്യുന്നു. അതൊരു സൈക്കിള്‍ പോലെയാണ്. ഒരേ സമയം ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തുകയും മറുപുറത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രസ്ഥാനമാണ് സി.പി.എം. KSRTC ബസുകളില്‍ പിണറായി സഖാവിന്റെ പടം ഒട്ടിച്ചുകൊണ്ട് ലഹരിക്കെതിരെ അണിച്ചേരാന്‍ നിര്‍ദ്ദേശം. അതേ KSRTC സ്റ്റാന്‍ഡില്‍ തന്നെ ബിവറേജസ് ഔട്ട്‌ലറ്റ് തുറന്നുകൊണ്ട് യഥേഷ്ടം പൈന്റ് വില്പന. എന്തൊരു ഇരട്ടത്താപ്പാണിത്. ഇവിടെ നടക്കുന്ന ക്രിമിനല്‍ ആക്ടിവിറ്റികളില്‍ ഭൂരിപക്ഷവും മദ്യലഹരിയിലോ കഞ്ചാവ് ലഹരിയിലോ മയക്കുമരുന്ന് ഉപയോഗമോ കൊണ്ടുണ്ടാവുന്ന ക്രൈമുകളാണ്. ലഹരി വില്ലനാവുന്ന സമൂഹത്തില്‍ പക്ഷേ അതിന് തടയിടാന്‍ ഭരിക്കുന്നവര്‍ മിനക്കെടില്ല. കാരണം നമ്മുടെ മുഖ്യ വരുമാനം മദ്യത്തിലാണല്ലോ. പിന്നെ ഉന്നതന്മാര്‍ തൊട്ട് ലോക്കല്‍ സെക്രട്ടറിക്ക് വരെ ലഹരിക്കടത്തിലുള്ള ഇടപാട്’.

‘Narcotics is a dirty business! കേവലം ഒരു സിനിമാഡയലോഗിനപ്പുറം ആ വാചകങ്ങള്‍ക്ക് പറയാന്‍ ഉള്ളത് പുകചുരുളുകള്‍ക്കിടയില്‍ ജീവിതം കുരുങ്ങിപ്പോയ ഒരുപാട് മനുഷ്യരുടെ ചോരയും നീരും ഊറ്റിയെടുത്ത വൃത്തിക്കെട്ട കച്ചവടതാല്പര്യങ്ങളെ കുറിച്ചും മാഫിയാ ഇടപാടുകളെ കുറിച്ചുമാണ്! ഭരണത്തിന്റെയും പാര്‍ട്ടിയുടെയും അധികാര ഗര്‍വ്വിന്റെ വെള്ളിക്കരണ്ടിയുമായി ജനിച്ച, ആ ധാര്‍ഷ്ട്യത്തിന്റെ ബലത്തില്‍ കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍ ഉറങ്ങിശീലിച്ച political scoundrelsന് ആര്‍ക്കും തന്നെ കേരളം ഒരു മിനി മെക്‌സിക്കോ ആയി തീരുന്നതിനെ കുറിച്ച് ഒന്നും പറയാനുണ്ടാവില്ല. ഒരിക്കലും പറയുകയും ഇല്ല! അതിനാല്‍ തന്നെ ഉറപ്പിച്ചു പറയുന്നു ഈ ലിസ്റ്റ് ഇനി വരുന്ന യുവ തലമുറയുടെ ചരമ ലിസ്റ്റാണ്’.
.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button