KeralaLatest News

സുമയ്യ ഷെറിൻ്റെ ലെസ്ബിയൻ പങ്കാളി കോടതിയിൽ ഹാജരായി: മാതാപിതാക്കൾക്ക് ഒപ്പം പോയാൽ മതിയെന്ന് പങ്കാളി, അംഗീകരിച്ച് കോടതി

മലപ്പുറം: ലെസ്ബിയൻ പങ്കാളിയായ യുവതിക്കൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന് കോടതിയിൽ വ്യക്തമാക്കി മലപ്പുറം സ്വദേശിനിയായ യുവതി. തനിക്ക് ലെസ്ബിയൻ പങ്കാളിയായ മലപ്പുറം സ്വദേശിനി സുമയ്യ ഷെറിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും മാതാപിതാക്കൾക്കൊപ്പം പോകാനാണ് ഇഷ്ടമെന്നും യുവതി കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ സുമയ്യ ഷെറിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടർ നടപടികൾ അവസാനിപ്പിച്ചു . ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.

ലിവ് ഇൻ റിലേഷൻ പങ്കാളിയായ യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സുമയ്യ ഷെറിൻ കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ വാദം കേട്ട കോടതി സമയ്യയുടെ പങ്കാളിയായ യുവതിയോട് അഭിപ്രായം ആരായുകയായിരുന്നു. എന്നാൽ തന്നെ മാതാപിതാക്കൾ തട്ടിക്കൊണ്ടു പോയതല്ലെന്ന് കോടതിയിൽ ഹാജരായ യുവതി അറിയിച്ചു. ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണ് താൽപര്യമെന്നും കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് തുടർനടപടികൾ അവസാനിപ്പിച്ചത്.

സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മലപ്പുറം സ്വദേശികളായ ഇരുവരും സൗഹൃദത്തിലായത്. തുടർന്ന് ഇരുവരും പ്രായപൂർത്തിയായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ വലിയ രീതിയിലുള്ള എതിർപ്പുകളാണ് ഇരുവരുടേയും വീട്ടുകാർ ഉയർത്തിയത്. അതേസമയം പെൺകുട്ടികൾ രണ്ടുപേരും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വർദ്ധിച്ചതോടെ ജനുവരി 27ന് ഇരുവരും വീടുവിട്ടു മാറിത്താമസിക്കാൻ ആരംഭിച്ചു.

ഇതിനിടെ സുമയ്യയുടെ പങ്കാളിയായ യുവതിയുടെ ബന്ധുക്കൾ മകളെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി അവരുടെ അഭിപ്രായം ചോദിച്ചു. ഒരുമിച്ച് താമസിക്കാനാണ് താൽപര്യമെന്ന് രണ്ടുപേരും കോടതിയെ അറിയിക്കുകയായിരുന്നു. ഇതിൻപ്രകാരം ഒരുമിച്ചു ജീവിക്കാൻ കോടതി അനുവാദം നൽകിയതോടെ ഇവർ എറണാകുളത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു.

തുടർന്ന് മെയ് 30ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി സുമയ്യ ഷെറിൻ രംഗത്തെത്തുകയായിരുന്നു. ആണിൻ്റെ കൂടെ പോയാല്‍ കുഴപ്പമില്ലായിരുന്നു എന്നും പക്ഷേ പെണ്ണിൻ്റെ കൂടെ പോയതാണ് പ്രശ്നമെന്നും യുതിയുടെ വീട്ടുകാർ പറഞ്ഞതായി സുമയ്യ ചൂണ്ടിക്കാട്ടിയിരുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണമെന്നും യുവതിയെ തിരിച്ചു വേണമെന്നും കാട്ടിയാണ് സുമയ്യ ഷെറിന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്ന് ജൂണ്‍ 9-ന് യുവതിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ യുവതി കോടതിയിൽ ഹാജരായില്ല. ഇവര്‍ക്ക് വേണ്ടി ഹാജരായ വക്കീല്‍ കുട്ടിയെ ഹാജരാക്കാന്‍ പത്ത് ദിവസം സമയം ചോദിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം പത്ത് ദിവസം കൊണ്ട് അഫീഫയ്ക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന് സുമയ്യ വ്യക്തമാക്കി രംഗത്തെത്തി. കണ്‍വെര്‍ഷന്‍ തെറാപ്പി ഉള്‍പ്പെടെയുള്ളവ നടക്കാന്‍ സാധ്യതയുണ്ടെന്നും സുമയ്യ ചൂണ്ടിക്കാട്ടിയിരുന്നു. കണ്‍വെര്‍ഷന്‍ തെറാപ്പിയുടെ ഭാഗമായി നിരന്തരം മരുന്നുകള്‍ നല്‍കുന്നത് ആളുകള്‍ ആത്മഹത്യ ചെയ്യാന്‍ വരെ കാരണമാകാം എന്നും സുമയ്യ പറഞ്ഞിരുന്നു. 10 ദിവസത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെൺകുട്ടി വീട്ടുകാര്‍ക്ക് ഒപ്പം പോയാല്‍ മതിയെന്നും സുമയ്യയുമായുള്ള ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button