KeralaLatest News

തുണയുടെ ചൂഡാമണി പുരസ്‌കാരം ഡോ പി. രാജീവിനും, ജീമോൻ തമ്പുരാൻ പറമ്പിനും

ആലപ്പുഴ: വിവിധ മേഖലകളിലെ നിസ്വാർത്ഥ സേവനങ്ങൾക്ക് തുണ ചാരിറ്റബിൾ സൊസൈറ്റി നൽകിവരുന്ന ചൂഡാമണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച യുവകർഷകനുള്ള കർഷക ചൂഡാമണി പുരസ്കാരം ആലപ്പുഴ മുഹമ്മ സ്വദേശി ജീമോൻ തമ്പുരാൻ പറമ്പിനാണ്. മികച്ച ഡോക്ടർക്കുള്ള വൈദ്യ ചൂഡാമണി പുരസ്കാരം ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ഡോ. പി രാജീവിനാണ്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ പശുക്കളെ സംരക്ഷിക്കുകയും ജൈവ കൃഷിരീതിയിലൂടെ വിഷ രഹിത ഭക്ഷണം എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ജീമോനെ കർഷക ചൂഡാമണിയായി തിരഞ്ഞെടുത്തത്. സാമ്പത്തിക ലാഭം നോക്കാതെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും മികച്ച ചികിത്സ ഉറപ്പാക്കുന്ന യഥാർത്ഥ ആതുര സേവനത്തിനാണ് ഡോ പി രാജീവിനെ വൈദ്യചൂഡാമണി പുരസ്കാരം നൽകി ആദരിക്കുന്നത്. പ്രശസ്ത കവി വയലാർ ശരത് ചന്ദ്രവർമ്മ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഇതിനായി പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദ്ദേശങ്ങളും സ്വീകരിച്ചിരുന്നുവെന്ന് ജൂറി ചെയർമാൻ വയലാർ ശരത് ചന്ദ്ര വർമ്മ, തുണ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് വാചസ്പതി, ചെയർമാൻ ജി. വിനോദ് കുമാർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 24 ന് രാവിലെ 10 മണിക്ക് ആലപ്പുഴ ഗൗരി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജയഭേരി 2023 എന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. കൊച്ചിൻ ഷിപ്പ് യാർഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ് നായർ, പ്രശസ്ത ചലച്ചിത്ര താരം ശിവദ എന്നിവർ അവാർഡുകൾ വിതരണം ചെയ്യും.

shortlink

Post Your Comments


Back to top button